ബാലരാമപുരം: സിവിൽ സർവീസ് പരീക്ഷയിലെ 36 ാം റാങ്കിന്റെ തിളക്കത്തിലാണു തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി വി.എം. ആര്യ. കുഞ്ഞുനാൾ മുതൽ കണ്ട സ്വപ്നം 26 ാം വയസിൽ സഫലമായതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആശ്വാസമെന്നു മറുപടി. രണ്ടാം തവണയാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുത്തത്. ആദ്യ ഊഴത്തിൽ പ്രിലിംസ് പോലും കടക്കാനായില്ലെങ്കിലും പിൻവാങ്ങാൻ തയാറായില്ല ആര്യ. ആ കഠിനാധ്വാനത്തിന് രണ്ടാം ശ്രമത്തിൽ 36ാം റാങ്ക് ലഭിച്ചപ്പോൾ കൈത്തറി ഗ്രാമത്തിന് അഭിമാനം.
തലയൽ മഹാദേവപുരം ശിവ ക്ഷേത്രത്തിന് സമീപം ആവണിയിലെ വി.എം. ആര്യ നേമം ഗവ. യുപിഎസ് റിട്ട. അധ്യാപിക വി.ആർ. മിനിയുടെയും റിട്ട. ആരോഗ്യ വകുപ്പുദ്യോഗസ്ഥൻ വെങ്കിടേശ്വരൻ പോറ്റിയുടെയും മകളാണ്. തിരുവനന്തപുരം വിമൻസ് കോളെജിൽ നിന്നും ബിഎ ഇംഗ്ലീഷ് ഓണേഴ്സിലും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഇംഗ്ലീഷ് സാഹിത്യത്തിലും ഒന്നാം റാങ്കോടെ പാസായ ആര്യ കൈമനം വനിതാ പോളി ടെക്നിക് കോളെജിലും തൈക്കാട് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസിലും ഗസ്റ്റ് ലക്ചററായും പ്രവർത്തിച്ചു.
സിവില്‍ സര്‍വീസില്‍ ഓപ്ഷണല്‍ വിഷയവും ഇംഗ്ലീഷായിരുന്നു. തന്റെ സ്വപ്നത്തിലേക്ക് ഇനിയും ഏറെ ദൂരം യാത്ര ചെയ്യണമെന്ന മോഹമാണ് സിവിൽ സർവീസ് പരിശീലനത്തിന് പോകാനുള്ള തീരുമാനത്തിലെത്തിയത്. ആഗ്രഹത്തിന് വീട്ടുകാരും ഒപ്പം നിന്നതോടെ പഠനം ആരംഭിച്ചു.
സിവില്‍ സര്‍വീസിനുള്ള പരിശീലനം നടത്തുമ്പോഴും പിഎസ്സി, എസ്എസ്ഇ എന്നീ പരീക്ഷകള്‍ എഴുതുന്നുണ്ടായിരുന്നു.ഇവയിലൊന്നും മികച്ച റാങ്ക് സ്വന്തമാക്കാൻ സാധിച്ചില്ല. അവസാനം എഴുതിയ എസ്എസ്ഇ പരീക്ഷയില്‍ രണ്ടാം ഘട്ടത്തില്‍ പരാജയപ്പെട്ടു. എങ്കിലും ആത്മവിശ്വാസം കൈവിടാതെ നിശ്ചയദാർഢ്യത്തോടെ കഠിനാധ്വാനം ചെയ്താല്‍ ഫലം ലഭിക്കാതിരിക്കില്ലെന്ന് അറിയാമായിരുന്നു.
കൃത്യമായ ഇടവേളകളില്‍ റിവിഷനും മുന്‍കാല ചോദ്യപേപ്പറുകള്‍ പഠിക്കുന്നതും ശീലമാക്കി. കൂടാതെ കൃത്യമായ ടൈം ടേബിൾ പിന്തുടർന്നു. പഠനത്തോടൊപ്പം ശാരീരികവും മാനസികവുമായി ആരോഗ്യവും പരിപാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്യ പറയുന്നു.