പാലാ: പാലാ മുത്തോലി സ്വദേശി ഗഹന നവ്യ ജയിംസിന്റെ സിവിൽ സർവീസ് പരീക്ഷാ നേട്ടം പ്രത്യേക പരിശീലനത്തിന്റെ പിന്തുണ പോലുമില്ലാതെ. സ്വന്തം നിലയിൽ പഠിച്ച ഗഹന രണ്ടാം ശ്രമത്തിലാണ് തന്റെ സ്വപ്നം നേടിയെടുത്തത്. അതാകാട്ടെ, ദേശീയ തലത്തിൽ ആറാം റാങ്കോടെയും കേരളത്തിൽ ഒന്നാം സ്ഥാനക്കാരിയായും.
ചെറുപ്പം മുതൽ സിവിൽ സർവീസ് ലക്ഷ്യമിട്ടായിരുന്നു ഗഹനയുടെ യാത്ര. ഇരുപത്തഞ്ചാം വയസിൽ അതു ലക്ഷ്യത്തിലെത്തി. പത്താം ക്ലാസ് വരെ സിബിഎസ്ഇ സിലബസിലായിരുന്നു പഠനം. പ്ലസ് ടുവിന് ഹ്യുമാനിറ്റീസ്. പാലാ അൽഫോൻസാ കോളെജിൽ നിന്ന് ബിഎ ഹിസ്റ്ററി പാസായത് ഉയർന്ന മാർക്കോടെയായിരുന്നു. തുടർന്നു പാലാ സെന്റ് തോമസ് കോളെജിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ജെആർഎഫ് നേടി എംജി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് വീണ്ടും ശ്രമിച്ചത്.
വിദേശകാര്യ സർവീസാണ് ഗഹനയ്ക്ക് പ്രിയം. അതിനു കാരണം വിദേശകാര്യ സർവീസിലുള്ള അമ്മാവൻ സിബി ജോർജ്. മകളുടെ നേട്ടത്തിനു കാരണം അവൾ മാത്രമെന്നാണ് അച്ഛനും പാലാ സെന്റ് തോമസ് കോളെജിൽ നിന്നു വിരമിച്ച ഹിന്ദി അധ്യാപകനുമായ ടി.കെ. ജയിംസിന്റെ പ്രതികരണം. തീരുമാനമെടുത്തതും പഠിച്ചതുമെല്ലാം ഗഹന തനിച്ചാണ്. അച്ഛനമ്മമാർ എന്ന നിലയ്ക്കുള്ള പിന്തുണ നൽകിയിരുന്നു ഞങ്ങൾ. ഞങ്ങളെക്കാൾ കൂടുതൽ പിന്തുണ നൽകിയത് ഗഹനയുടെ അനുജനാണെന്നും അദ്ദേഹം. സംസ്കൃത സർവകലാശാല മുൻ അധ്യാപിക ദീപ ജോർജാണ് അമ്മ.