താനെ: ഡോംബിവലിയിലെ ദാവ്ഡി തടാകത്തിൽ വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മലയാളികളായ സഹോദരനും സഹോദരിയും മുങ്ങിമരിച്ചു. ഡോ. രഞ്ജിത്ത് രവീന്ദ്രൻ (21) കീർത്തി രവീന്ദ്രൻ (17) എന്നിവരാണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോട് കൂടി ഹരിപ്പാടുള്ള വീട്ടിൽ സംസ്ക്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. രഞ്ജിത് നായയെ കുളിപ്പിക്കുന്നതിനിടെ കാൽ തെറ്റി തടാകത്തിൽ വീണു. പെട്ടെന്ന് മുങ്ങാൻ തുടങ്ങിയപ്പോൾ സഹോദരി കീർത്തി ചാടി രക്ഷിക്കാൻ ശ്രമം നടത്തുകയായിരുന്നു. ഇരുവരും വെള്ളത്തിലെ ചളിയിൽ പൂഴ്ന്നു പോയാണ് മരിച്ചതെന്ന് മഹാരാഷ്ട്ര സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും ഇരുവരുടെയും ബന്ധുവുമായ പി കെ ലാലി പറഞ്ഞു.
ഇരുവരും മിക്ക ഞായറാഴ്ചകളിലും വളർത്തു നായയെ കുളിപ്പിക്കാനായി ഈ തടാകത്തിൽ എത്താറുണ്ടായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്.ഇരുവരുടെയും മൃതദേഹം ഇന്നലെ തന്നെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. എംബിബിഎസ് പൂർത്തിയാക്കിയ രഞ്ജിത്ത് നവിമുംബൈ യിൽ ഹൗസ് സർജനായി ജോലി ചെയ്തു വരികയായിരുന്നു കീർത്തി പ്ലസ് ടൂ വിദ്യാർത്ഥിയാണ്.
മാതാപിതാക്കൾ കേരളത്തിൽ പോയിരിക്കെയാണ് ഇരുവരുടെയും വേർപാട്. ഡോംബിവിലി വെസ്റ്റിൽ ആയിരുന്നു ഇവരുടെ താമസം.ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ രവീന്ദ്രൻ ദീപാ രവീന്ദ്രൻ ദമ്പതികളുടെ മക്കളാണ് ഇരുവരും.