കണ്ണൂർ: ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത്. പുലർച്ചെ ഒന്നരയോടെ ട്രെയിനിൽനിന്ന് പുക ഉയരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാൾ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പുക ഉയരുകയും ഉടൻ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോർജ് വെളിപ്പെടുത്തി. തീപിടിത്തത്തിൽ ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കോച്ചുകളിലൊന്ന് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ പൊലീസ് പറഞ്ഞു.
ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ എൻഐഎ വിവരംതേടി. ഏപ്രിൽ 2ന് കോഴിക്കോട് എലത്തുരിലുണ്ടായ ട്രെയിൻ തീവെയ്പ്പ് കേസും നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്.