ഇടുക്കി: സമൂഹമാധ്യമങ്ങളിൽ അരിക്കൊമ്പനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. പലരും ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന വ്യാജ വാർത്ത പരത്തിയതിനെ തുടർന്നാണ് തേനി കളക്ടറുടെ താക്കീത്.
ജനവാസ മേഖലയിൽ നിന്നും വളരെ അകലെ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. 85 പേരടങ്ങുന്ന സംഘത്തെയാണ് ആനയെ നിരീക്ഷിക്കാൻ നിയോഗിച്ചിരിക്കുന്നത്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ചുരുളിപ്പെട്ടി മുതൽ ചിന്നമനൂർ വരെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്.
കമ്പം, പുതുപ്പെട്ടി, കെ.കെ.പെട്ടി, ഗൂഡല്ലൂർ തുടങ്ങിയ മുനിസിപ്പാലിറ്റികളിലേക്ക് ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ പറഞ്ഞു. ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ, മയക്ക് വെടിവയ്ക്കാൻ അവസരം കൊടുക്കാതെ, സഞ്ചരിക്കുകയാണ് അരികൊമ്പൻ.
ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തേക്ക് ആന സഞ്ചരിക്കുന്നതായാണ് സാറ്റലൈറ് കോളർ സിഗ്നൽ അവസാനം ലഭിക്കുമ്പോൾ അറിയാൻ കഴിഞ്ഞത്. നാല് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. വനത്തിനുള്ളിലെ തോട്ടത്തിൽ നിന്ന് ഇന്നലെ രാത്രി പത്തോളം വാഴകൾ പറിച്ച് തിന്നിരുന്നു. ഉൾക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.