കോട്ടയം: ശ്രദ്ധയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി കുടുംബം. കോട്ടയം എസ്പി ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ ഇന്ന് പുറത്തുവിട്ട തെളിവ് വ്യാജമാണെന്ന് കുടുംബം കുറ്റപ്പെടുത്തി. കൂടാതെ മുമ്പ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും അവർ തുറന്നടിച്ചു.
പൊലീസ് ശ്രമിക്കുന്നത് കൊളേജ് മാനേജ്മെൻറിനെ സഹായിക്കാനാണെന്നും ശ്രദ്ധയെ അപകീർത്തിപ്പെടുത്തുകയാണെന്നും ശ്രദ്ധയുടെ അച്ഛൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു. അമൽ ജ്യോതി കോളെജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു ശ്രദ്ധ. അധ്യാപിക വഴക്കു പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് വിദ്യാർത്ഥികളടക്കം ആരോപിക്കുമ്പോഴും കാരണം അവ്യക്തമാക്കി സംഭവം ഒത്തു തീരിപ്പാക്കാനാണ് മാനേജ്മെന്റ് ഉൾപ്പെടെ ശ്രമിക്കുന്നത്.