Timely news thodupuzha

logo

മുഖ്യമന്ത്രി അമേരിക്കയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക്: ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഫൈസർ. കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ രാജാ മൻജിപുടി, ഡോ സന്ദീപ് മേനോൻ, ഡോ കണ്ണൻ നടരാജൻ എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിൽ, ഫൈസറിന്റെ ചെന്നൈയിലുള്ള ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. കേരളത്തിന് പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് നൽകാവുന്ന സംഭാവനകളെ പറ്റി കമ്പനി ചോദിച്ചു.

കേരളത്തിലെ ബയോ ഇൻഫോമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ മേഖലയിലുള്ള ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും ചർച്ച ചെയ്‌തു.

യോഗത്തിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ നേട്ടങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി കൊടുത്തു. പ്രധാനമന്ത്രി അടുത്തിടെ ഉദ്ഘാടനം ചെയ്‌ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള താൽപര്യവും കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചു. ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സെപ്‌തംബറിനകം കേരളം സന്ദർശിക്കും.

ചീഫ് സെക്രട്ടറി വി.പി ജോയി, ഡോ ജോൺ ബ്രിട്ടാസ് എം.പി, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സ്നേഹിൽ കുമാർ സിങ്ങ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചർച്ചയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *