ന്യൂയോർക്ക്: വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയെ വിവാദമാക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കാനായിരുന്നു ശ്രമമെന്ന് ന്യൂയോർക്കിൽ ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത്. അതിൽ എന്തു സ്വജന പക്ഷപാതമാണുണ്ടായതെന്നും സ്പോൺസർഷിപ്പ് ആദ്യമായാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ല. ലോക കേരള സഭ പ്രവർത്തനം സുതാര്യമാണ്. ഏതൊരു കാര്യത്തേയും മോശമായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ അമെരിക്കൻ മലയാളി സമൂഹത്തെ അപമാനിക്കാനാണ് ശ്രമമെന്നും മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
സമ്മേളനത്തെ സർക്കാർ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രവാസികളുടെ വിവര ശേഖരണത്തിന് ഡിജിറ്റൽ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.