കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ മാർക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് പി.എം. ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെയാണ് ഗൂഢാലോചന ആരോപിച്ചു കൊണ്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചാം പ്രതിയാക്കി കേസെടുത്തത്.

എഴുതാത്ത പരീക്ഷയിൽ തൻറെ പേർ വന്നതിനു പിന്നിലുള്ള ഗൂഢാലോചനയിൽ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടു ആർഷോ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
അമൽ ജ്യോതി കോളെജിലെ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് തനിക്കെതിരേ ഗൂഢാലോചന നടത്തുന്നത് ആർഷോ ആരോപിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ പ്രിൻസിപ്പാൾ വി.എസ്. ജോയിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ആർക്കിയോളജി വിഭാഗം മേധാവി ഡോ. വിനോദ് കുമാർ, കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെഎസ് യു മഹാരാജാസ് യൂണിറ്റ് പ്രസിഡൻറ് ഫാസിൽ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതിസ്ഥാനത്തുള്ളത്.
വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.