പത്തനംതിട്ട: വിവിധ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളുടെയും ജില്ലാ നിയമ സേവന അതോറിറ്റിയുടെയും നേതൃത്വത്തിൽ നടന്ന ദേശീയ ലോക് അദാലത്തിൽ 9940 കേസുകളാണ് പത്തനംതിട്ട ജില്ലയിലെ വിവിധ കോടതികളിലായി തീർപ്പാക്കിയത്.
എം.എ.സി.റ്റി, ബാങ്ക്, രജിസ്‌ട്രേഷൻ, കുടുംബ തർക്കങ്ങൾ, ബി.എസ്.എൻ.എൽ, മജിസ്‌ട്രേറ്റ് കോടതിയിൽ പിഴ ഒടുക്കിത്തീർക്കാവുന്നവ, സിവിൽ വ്യവഹാരങ്ങൾ, ആർ.റ്റി.ഒ തുടങ്ങിയ കേസുകളാണ് അദാലത്തിൽ തീർപ്പാക്കിയത്. അഞ്ചു കോടി 70 ലക്ഷം രൂപയോളം വിവിധ കേസുകളിൽ നഷ്ടപരിഹാരമായി വിധിച്ചു, വിവിധ ക്രിമിനൽ കേസുകളിൽ 53 ലക്ഷത്തോളം രൂപ പിഴയിനത്തിലും ഈടാക്കി.
അദാലത്തിന് നേതൃത്വം നൽകിയത് ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റിയുടെ ചെയർമാനുമായ പി.പി. സൈദലവി, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ എസ്.ജയകുമാർ ജോൺ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി/ സബ് ജഡ്ജായ സി.ആർ. രാജശ്രീ എന്നിവരാണ്.
പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തിൽ പങ്കെടുത്താണ് മുൻസിഫ് ലെനി തോമസ് കുരക്കാർ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ലൈജുമോൾ ഷെറീഫ്, അഡീഷണൽ ജില്ലാ ജഡ്ജിമാരായ പി.എസ്.ബിനു, എസ്.ശ്രീരാഗ്, ജി.പി.ജയകൃഷ്ണൻ എന്നിവർ ചേർന്ന് കേസുകൾ തീർപ്പാക്കിയത്.