ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ ആം ആദ്മി പാർട്ടി രംഗത്ത്. ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് മത്സരിക്കാതിരുന്നാൽ മധ്യപ്രദേശിലും രാജസ്ഥാനിലും എ.എ.പി മത്സരിക്കില്ലെന്നാണ് ഉപാധി. ഡൽഹി എ.എ.പി മന്ത്രി സൗരഭ് ഭരദ്വാജാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
2015, 2020 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വട്ടപ്പൂജ്യം സീറ്റ് ലഭിച്ചത് മറക്കരുതെന്നും എഎപി ഓർമിപ്പിച്ചു. മാത്രമല്ല 2024 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യം രാജവാഴ്ച്ചയിലേക്ക് പോവുമെന്നും ഭരണഘടന മാറ്റാനും ജീവനുള്ള കാലത്തോളം മോദി സ്വയം രാജാവായി അവലോഹനം ചെയ്യാനും ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ അഴിക്കുള്ളിലാക്കാൻ സി.ബി.ഐയും ഇ.ഡിയും ഇൻകംടാക്സ് വിഭാഗവും ശ്രമിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് മറുപടിക്കായി കാത്തിരിക്കെയാണ് എ.എ.പിയുടെ ഈ നീക്കം.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ഇന്ന് കോപ്പി കട്ട് കോൺഗ്രസ് ആണ്. അരവിന്ദ് കെജറിവാളിന്‍റെ എല്ലാം തട്ടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നേതൃത്വത്തിന്‍റെയും ആശയങ്ങളുടേയും അഭാവമാണ് കോണ്‍ഗ്രസിനുള്ളതെന്നും സൗരഭ് പരിഹസിച്ചു. എ.എ.പി ഇറക്കുന്ന പ്രകടപത്രിക കോണ്‍ഗ്രസ് മോഷ്ടിക്കുകയാണ്. പ്രകടനപത്രികയില്‍ കെജരിവാള്‍ മുന്നോട്ടു വയ്ക്കുന്നത് ഉറപ്പാണ്. ആ ഉറപ്പു പോലും നല്‍കാന്‍ പക്ഷേ കോണ്‍ഗ്രസിനു സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.എ.പി ഡല്‍ഹിയില്‍ സൗജന്യ വൈദ്യുതി നല്‍കുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ് തങ്ങളെ കളിയാക്കുകയായിരുന്നു. പക്ഷേ, ഹിമാചല്‍ പ്രദേശില്‍ അരവിന്ദ് കെജരിവാളിന്‍റെ ഉറപ്പ് കോപ്പിയടിച്ച് 300 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തു. പഞ്ചാബിലെ സ്ത്രീകള്‍ക്ക് എ.എ.പി സൗജന്യ യാത്ര നൽകുമെന്ന് പറഞ്ഞപ്പോഴും പരിഹസിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഹിമാചലിലും കര്‍ണാടകയിലും കോണ്‍ഗ്രസ് ഇത് പ്രഖ്യാപിച്ചു, നടപ്പാക്കി. സൗരഭ് ആരോപിച്ചു.