തിരൂർ: നഗരത്തിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പറവണ്ണ സ്വദേശി പള്ളാത്ത് ആദം (43) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ഉൾപ്പടെയുള്ള കേസുകളിലെ പ്രതിയാണ്.
ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര കടയുടെ വരാന്തയിൽ തിങ്കൾ രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. വലിയ കല്ലുപയോഗിച്ച് തലക്ക് കുത്തി കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം.
തലക്ക് സാരമായ പരുക്കുകൾ ഉണ്ട്.മൃതദേഹത്തിന്റെ സമീപത്ത് വലിയ കല്ലും ഇരുമ്പ് വടിയും ഉണ്ട്. പുലർച്ചെ 2 ന് ശേഷമാണ് സംഭവം.
പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങൾക്ക് മുമ്പ് പറവണ്ണയിൽ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം.