Timely news thodupuzha

logo

സംഘപരിവാർ അജണ്ടകൾ പ്രചരിപ്പിച്ച ഗീതാ പ്രസിന്‌ ഗാന്ധി സമാധാന പുരസ്‌കാരം; പ്രതിഷേധിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രം ആകണമെന്ന ആവശ്യം മുന്നോട്ടുവെച്ചതടക്കം സംഘപരിവാർ അജണ്ടകൾ പ്രചരിപ്പിച്ച ഉത്തർപ്രദേശിലെ ഗോരഖ്‌പുർ ആസ്ഥാനമായ ഗീതാ പ്രസിന്‌ 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തലവനായ ജൂറിയാണ്‌ 1923 ൽ സ്ഥാപിക്കപ്പെട്ട ഗീതാ പ്രസിന്‌ ഗാന്ധിജിയുടെ പേരിലുള്ള സമാധാന പുരസ്‌ക്കാരം സമ്മാനിക്കാൻ തീരുമാനം എടുത്തത്‌.

ഗീതാ പ്രസിന്റേതായി പുറത്തിറങ്ങിയിരുന്ന കല്യാണെന്ന പ്രസിദ്ധീകരണം കടുത്ത വർഗീയവിഷമാണ്‌ ചീറ്റിയിരുന്നതെന്ന്‌ അക്ഷയ മുകുൾ എഴുതിയ ഗീതാ പ്രസ്‌ ആൻഡ്‌ ദി മേക്കിങ് ഓഫ്‌ ഹിന്ദു ഇന്ത്യയെന്ന പുസ്‌തകത്തിൽ വ്യക്തമാക്കുന്നുണ്ട്‌. ന്യൂനപക്ഷ വിരുദ്ധത, ദളിത്‌ വിരുദ്ധത, ഗോസംരക്ഷണം, സനാതന ഹിന്ദുസ്‌ത്രീകളുടെ ജീവിതരീതി തുടങ്ങിയ അജണ്ടകളാണ്‌ കല്യാണിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്‌.

എം.എസ്‌ ഗോൾവാൾക്കർ അടക്കമുള്ള ആർ.എസ്‌.എസ്‌ നേതാക്കൾ കല്യാണിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതിയിരുന്നു. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസും മറ്റ് സാംസ്കാരിക പ്രവർത്തകരും രംഗത്തുവന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ വിമർശിച്ച് ട്വീറ്റ് ചെയ്തു.

സവർക്കറിനും ഗോഡ്‌സെക്കും പുരസ്‌കാരം നൽകുന്നതിന് തുല്യമാണിതെന്നും മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിച്ചവരാണ് ഗീത പ്രസെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അക്ഷയ മുകുൾ എഴുതിയ ഗീതാ പ്രസ്‌ ആൻഡ്‌ ദി മേക്കിങ് ഓഫ്‌ ഹിന്ദു ഇന്ത്യയെന്ന പുസ്തകത്തിന്റെ കവർ പങ്കു വെച്ചു കൊണ്ടായിരുന്നു ജയറാം രമേശിന്റെ വിമർശനം. മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിച്ചവരാണ് ഗീത പ്രസ്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി വധത്തെത്തുടർന്ന് രാജ്യമെമ്പാടും അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുമഹാസഭാ പ്രവർത്തകരിൽ രണ്ടു പേർ ഗീതാ പ്രസ്സിന്റെ ഉടമസ്ഥർ ആയ ഹനുമാൻ പ്രസാദ് പൊദ്ദാറും ജയ് ജയാൽ ഗോയങ്കയും ആയിരുന്നുവെന്നും ഗാന്ധി വധത്തെകുറിച്ച് ​ഗീതാ പ്രസ് ഒന്നും എഴുതിയിട്ടില്ലെന്നും എഴുത്തുകാരി സുധ മേനോൻ കുറിച്ചു. ​

ഗാന്ധിയൻ മൂല്യങ്ങളുടെ നേർവിപരീതമായ ധർമ്മമാണ് 1923 ൽ രൂപീകരിക്കപെട്ടത് മുതൽ ഗീതാപ്രസ്സ് നിർവഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പുരസ്കാരത്തിന് അർഹമായ ഗീതാ പ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.

ഗാന്ധിയൻ ആശയങ്ങളായ സമാധാനവും സാമൂഹിക സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിൽ ഗീതാ പ്രസ് നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

യോ​ഗി ആദിത്യനാഥും പ്രസിനെ അഭിനന്ദിച്ചിരുന്നു ഗാന്ധിയൻ ആദർശത്തിലൂന്നി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നൽകുന്നസംഭാവനകൾ പരിഗണിച്ചാണ് ​ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *