Timely news thodupuzha

logo

സംസ്ഥാനത്ത് പാൽ വിതരണം സജീവമാക്കുമെന്ന് നന്ദിനി

കൊച്ചി: മിൽമയുടെയും സർക്കാരിൻറേയും എതിർപ്പ് അവഗണിച്ച് സംസ്ഥാനത്ത് പാൽ വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറുമാസത്തിനുള്ളിൽ സംസ്ഥാനത്ത് 25 ഓളം ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് പദ്ധതി, അതായത് ഓരോ ജില്ലകളിലും 2 ഔട്ട്ലെറ്റുകൾ വീതം.

ചെറുകിട കടകൾക്ക് ഏജൻസി നൽകില്ലെന്നും പാൽ കൃത്യമായ ഊഷ്മാവിൽ സംഭരിച്ച് എത്തിക്കാനുള്ള വാഹനവും സൂക്ഷിക്കാൻ സൗകര്യമുള്ള കോൾഡ് സ്റ്റോറേജും ഉള്ളവർക്കേ ഏജൻസി നൽകൂവെന്നു എന്നും നന്ദിനി വ്യക്തമാക്കി.

കേരളവുമായി മത്സരിക്കാനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം ലിറ്റർ പാൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നന്ദിനി പ്രതികരിച്ചു. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കിൽ ഔട്ട്‌ലെറ്റുകൾ ഇനിയും കൂട്ടുമെന്നാണ് നന്ദിനിയുടെ നിലപാട്. 25 ഔട്ട്ലെറ്റുകൾ വഴി ദിവസേന 25,000 ലിറ്റർ പാൽ വിൽക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിൽ ഔട്ടലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട്, തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ കൂടി ഉടൻ ഔട്ട്‌ലെറ്റുകൾ തുറക്കും. ഇതിനു പുറമേ 16 പുതിയ ഔട്ട്ലെറ്റുകൾ കൂടി തുറക്കാനാണ് നന്ദിനി പദ്ധതിയിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *