ബോസ്റ്റൺ: കടലിൻറെ അടിത്തട്ടിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട അന്തർവാഹിനിയിൽ ശേഷിക്കുന്നത് ഒരു ദിവസത്തേക്കു കൂടി മാത്രമുള്ള ഓക്സിജൻ.
നാലു ദിവസത്തെ യാത്രയ്ക്ക് പുറപ്പെട്ട ഓഷൻഗേറ്റിൻറെ ടൈറ്റനെന്ന പേടകത്തിൽ നാലു ദിവസത്തേക്കുള്ള പ്രാണവായുവാണ് ഉണ്ടായിരുന്നത്. കാണാതായിട്ട് ബുധനാഴ്ച മൂന്നാം ദിവസമാണ്.
അതേസമയം, പേടകം കണ്ടെത്താൻ ശ്രമിക്കുന്ന കനേഡിയൻ വിമാനത്തിലുള്ള രക്ഷാപ്രവർത്തകർ, കടലിൻറെ അടിത്തട്ടിൽനിന്നുള്ള ചില ശബ്ദങ്ങൾ തിരിച്ചറിഞ്ഞതായി യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. യാത്ര തിരിച്ച് രണ്ടു മണിക്കൂറിനുള്ളിൽ ബന്ധം വിച്ഛേദിക്കപ്പെട്ട പേടകത്തിൽ അഞ്ച് പേരാണുള്ളത്.
വ്യാഴാഴ്ച രാവിലെയോടെ ഇതിനുള്ളിലെ ഓക്സിജൻ തീരും. അതിനു മുൻപ് സമുദ്രോപരിതലത്തിൽ തിരിച്ചെത്തിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളും വിമാനങ്ങളും തെരച്ചിൽ തുടരുകയാണ്. കടലിനടിയിൽ തെരച്ചിൽ നടത്താൻ ശേഷിയുള്ള റോബോട്ടിനെയും രംഗത്തിറക്കിയിട്ടുണ്ട്.