Timely news thodupuzha

logo

മണിപ്പുർ കലാപം; കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിക്കുന്ന പ്രമേയം പാസാക്കി യൂറോപ്യൻ യൂണിയൻ പാർലമെന്റ്

സ്ട്രാസ്ബർ​ഗ്: ഔദ്യോ​ഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ കാലുകുത്തിയതിന് തൊട്ടുപിന്നാലെ മണിപ്പുർ കലാപത്തിൽ കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിക്കുന്ന പ്രമേയം പാസാക്കി യൂറോപ്യൻ യൂണിയൻ പാർലമെന്റ്. മണിപ്പുരിലെ വംശീയവും മതപരവുമായ ആക്രമണങ്ങൾ ഉട‌ൻ അവസാനിപ്പിക്കണമെന്നും ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ഉടൻ നടപടി വേണമെന്നും മോദിസർക്കാരിനോട് ഇയു പാർലമെന്റ് ആവശ്യപ്പെട്ടു.

പ്രമേയം അനാവശ്യമെന്ന ഇന്ത്യയുടെ നയതന്ത്രസമ്മർദത്തെ മറികടന്നാണ് ഇ.യു നിലപാട് പ്രഖ്യാപിച്ചത്. 70 ദിവസം പിന്നിട്ട വംശീയ കലാപത്തെക്കുറിച്ച് ഇതുവരെ വാതുറക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ താക്കീതാണ് യൂറോപ്യൻ രാഷ്ട്രീയകക്ഷികൾ ഒറ്റക്കെട്ടായി നൽകിയത്. മുതിർന്ന ബി.ജെ.പി നേതാക്കളുടെ തീവ്രദേശീയ നിലപാടുകളെ പ്രമേയം ശക്തമായി അപലപിച്ചു.

വിദ്വേഷവും വെറുപ്പും വമിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽനിന്നും നേതാക്കൾ പിന്തിരിയണം. ഹിന്ദു ഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയപ്രേരിതമായ ഭിന്നിപ്പിക്കൽ നയങ്ങളാണ് ആക്രമണത്തിന് വഴിവച്ചത്. മണിപ്പുരിലെ കൊലപാതകങ്ങളിൽ സൈന്യത്തിന്റെ പക്ഷപാതം വെളിപ്പെട്ടത് അധികാരികളിലുള്ള വിശ്വാസം നഷ്ടമാക്കി. സർക്കാരിന്റെ പ്രവർത്തനത്തെ വിമർശിക്കുന്നവരെ കുറ്റവാളികളാക്കരുതെന്നും പ്രമേയം തുറന്നടിച്ചു.

ഇ.യു പാർലമെന്റിന്റെ പ്ലീനറി സമ്മേളനത്തിൽ മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, നിയമവാഴ്ച എന്നിവ ലംഘിക്കപ്പെടുന്ന മേഖലകളെക്കുറിച്ചുള്ള സെഷനിലാണ്‌ മണിപ്പുർ ചർച്ചയായത്‌. സ്വതന്ത്രവ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്ത്യ ഉറപ്പാക്കണമെന്ന നിർ‍ദേശം വയ്ക്കണമെന്ന് യൂറോപ്യൻ എം.പിമാർ ചർച്ചയ്ക്കിടെ നിർദേശിച്ചു.

സായുധസേനയുടെ പ്രത്യേക അധികാരനിയമം മേഖലയിൽനിന്ന് പിൻവലിക്കണമെന്നും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി യൂറോപ്പ് 705 അംഗ യൂറോപ്യൻ പാർലമെന്റിലെ 80 ശതമാനം ഉൾപ്പെടുന്ന ഇടത്, മധ്യഇടത്, ലിബറൽ, വലതു വിഭാ​ഗങ്ങൾ സംയുക്തമായാണ് പ്രമേയം കൊണ്ടുവന്നത്.

മണിപ്പുരിൽ മാത്രമല്ല, ഇന്ത്യയിലാകെ മതന്യൂനപക്ഷങ്ങൾ ഭീതിയിലാണെെന്ന് പല എംപിമാരും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ രാഷ്ട്രീയ ചായ്‌വുകൾക്ക്‌ അതീതമായ യൂറോപ്യൻ രാഷ്ട്രീയമനസ്സ്‌ ഒന്നിച്ചത്. വിശ്വ​ഗുരുവെന്ന മട്ടിൽ മോദിയെ ആ​ഗോളതലത്തിൽ അവതരിപ്പിക്കുന്ന ബിജെപിക്ക് വൻ തിരിച്ചടിയായി.

ഇടത് ഗ്രീൻസ്- യൂറോപ്യൻ ഫ്രീ അലയൻസ്, മധ്യ-വലതുപക്ഷമായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇ.പി.പി), സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റുകളും ഉൾപ്പെട്ട മധ്യ-ഇടതുപക്ഷമായ പ്രോഗ്രസീവ് അലയൻസ്, ലിബറൽ വിഭാ​ഗമായ റിന്യൂ ഗ്രൂപ്പ്, വലതുപക്ഷമായ യൂറോപ്യൻ കൺസർവേറ്റീവ്സ് ആൻഡ് റിഫോർമിസ്റ്റ്സ് തുടങ്ങിയ കക്ഷികളാണ് ഒറ്റക്കെട്ടായ് പ്രമേയം കൊണ്ടുവന്നത്.

Leave a Comment

Your email address will not be published. Required fields are marked *