Timely news thodupuzha

logo

ഹെെസ്പീഡ് റെയിൽ; സർക്കാർ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ തയ്യാറെന്ന് ഇ ശ്രീധരൻ

കൊച്ചി: കേരളത്തിന് ഹെെസ്പീഡ് റെയിൽ സംവിധാനം ആവശ്യമാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ അത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിക്ക് അതിവേഗ ട്രെയിൻ ആവശ്യമാണ്. അർധ- അതിവേഗ പാതകളാണ് കേരളത്തിന് യോജിച്ചത്. ഈ വിഷയം താനുമായി ചർച്ച നടത്തിയ സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസിനെ അറിയിച്ചിട്ടുണ്ട്. സർക്കാരുമായി ഇതേക്കുറിച്ച് സംസാരിക്കാം എന്ന് കെ വി തോമസ് പറഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാരുമായി ഔദ്യോഗികമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ഇ ശ്രീധരൻ പറഞ്ഞു.

കെ റെയിലുമായി സഹകരണം സാധ്യമല്ല. അതിന് ബദലായി ആകാശപാതയും തുരങ്കപാതയും കൂടുതലുള്ള ഹെെസ്പീഡ് റെയിൽവേ പദ്ധതിയാണ് മുന്നോട്ട് വെയ്ക്കുന്നത്. അങ്ങിനെയെങ്കിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ ആവശ്യകത കുറയും. കൂടാതെ കേന്ദ്ര സംസഥാന സർക്കാരുകൾ യോജിച്ചുള്ള 51- 49 ശതമാനം നിർമ്മാണ വ്യവസ്ഥയിൽ പകുതി ബാധ്യതയേ സംസ്ഥാനത്തിന് വരികയുള്ളൂ. നിർമ്മാണത്തിന് പകുതി കേന്ദ്രവും സംസ്ഥാനവും ബാക്കി പകുതി നിർമ്മാണ കമ്പനിയും ചേർന്ന് എടുക്കുന്ന കൊങ്കൺ മോഡലും അല്ലെങ്കിൽ മെട്രോ മോഡലും സ്വീകരിക്കാം. ഈ മൂന്ന് ഫണ്ടിങ് രൂപത്തിലും ഹെെസ്പീഡ് റെയിൽ പദ്ധതി നടത്താം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എകദേശം 420 കിലോമീറ്റർ പാതയ്ക്ക് കിലോമീറ്ററിന് 200 കോടി കണക്കിൽ 84000 കോടി രൂപയാണ് ചെലവ് പ്രതിക്ഷിക്കുന്നത്. നിർമ്മാണം ഇന്ത്യൻ റെയിൽവേയോ ഡിഎംആർസിയേയോ ഏൽപ്പിക്കാം.

കെ റെയിലിന്റെ എംബാർക്ക് മെൻറിനും സോയിൽ സ്റ്റെബിലെെസേഷനും കൂടതൽ തുക മുടക്കേണ്ടിവരും അതിനാൽ ഹെെസ്പീഡ് റെയിലിനേക്കാൾ ചെലവേറും. വിശദമായ കുറിപ്പ് കെ വി തോമസിന് നൽകിയിട്ടുണ്ട്. തുടർചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ മറ്റ് സാധ്യതകൾ തെളിയുകയണെങ്കിൽ വിശദമായ പ്ലാൻ ചർച്ചചെയ്യാം. മുഖ്യമന്ത്രിക്ക് തന്നെയറിയാമെന്നും പാലാരിവട്ടം മേൽപ്പാലം പുനഃനിർമ്മാണത്തിന് തന്നെയാണ് അദ്ദേഹം വിളിച്ചതെന്നും ഇ ശ്രീധരൻ പറഞ്ഞു. സർക്കാരിന് ഉപകാരപ്പെടുന്ന ഏത് പദ്ധതിയുമായും സഹകരിക്കാൻ തയ്യാറാണ്. അതിൽ രാഷ്ട്രീയമില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *