ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമായി കൊയമ്പത്തൂരിൽനിന്നു മത്സരിക്കുമെന്നു സൂചന.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി വനതി ശ്രീനിവാസനോട് 1,728 വോട്ടിനു പരാജയപ്പെട്ടെങ്കിലും കമൽ ഹാസൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന ഡി.എം.കെയുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കൊയമ്പത്തൂർ സീറ്റ് നൽകാൻ ആലോചിക്കുന്നത്.
ഇതിനിടെ, മക്കലോടു മയ്യമെന്ന പേരിൽ ഭവന സന്ദർശന പരിപാടി കമൽഹാസൻ സൗത്ത് കൊയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നേതാക്കൾ വാർഡ്-പഞ്ചായത്ത് തലങ്ങളിൽ ജനങ്ങളെ നേരിൽ കാണാനാണ് പാർട്ടി തീരുമാനം.
അതതു മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ അവഗണിച്ച ജനകീയ പ്രശ്നങ്ങൾ മനസിലാക്കി, അവയിൽ കേന്ദ്രീകരിച്ച് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഉദ്ദേശിക്കുന്നത്.