ബാംഗ്ലൂർ: കർണാടക മിൽ ഫെഡറേഷൻറെ ഉത്പന്നമായ നന്ദിനി പാലിൻറെ വില കൂട്ടാൻ തീരുമാനിച്ച് കർണാടക സർക്കാർ. ഓഗസ്റ്റ് 1 മുതൽ ലിറ്ററിന് മൂന്ന് രൂപ കൂട്ടി 42 രൂപയ്ക്ക് വിൽക്കാമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
നിലവിൽ ലിറ്ററിന് 39 രൂപയാണ് നന്ദിനി പാലിന് ഈടാക്കുന്നത്. മിൽക് ഫെഡറേഷൻറെ ആവശ്യ പ്രകാരമാണ് വില കൂട്ടിയിരിക്കുന്നത്. പാലിന് ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്നായിരുന്നു മിൽക് ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നത്.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് പാലിൻറെ വില കൂട്ടാൻ തീരുമാനിച്ചത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ പാൽ വില കുറച്ചാണ് വിൽക്കുന്നതെന്നാണ് പാൽ വില കൂട്ടിയതിനു പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.
തമിഴ്നാട്ടിൽ ലിറ്ററിന് 44 രൂപയ്ക്കാണ് പാൽ വിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ മുഴുവൻ ലിറ്ററിന് 56 രൂപയ്ക്കാണ് പാൽ വിൽക്കുന്നത്. ക്ഷീര കർഷകരെ സഹായിക്കുന്നതിനായാണ് പാൽ വില കൂട്ടിയതെന്ന് ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
കർണാടകയിൽ മാത്രമാണ് ഇത്ര കുറഞ്ഞ വിലയിൽ പാൽ ലഭിക്കുന്നത്. ക്ഷീര കർഷകർക്ക് പണം നൽകേണ്ടിയിരിക്കുന്നു എന്നും ഉപ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.