Timely news thodupuzha

logo

ലോക്കപ്പുകൾ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്കപ്പുകൾ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും പൊലീസിന് അതിനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. താനൂർ കസ്റ്റഡി മരണം അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.

കുറ്റവാളികൾക്ക് കർശന നടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയെ കുറിച്ചുള്ള പരാതിയും അന്വേഷിക്കും.

സംഭവത്തിൽ താനൂർ സബ് ഇൻസ്പെക്ടർ അടക്കം 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തോട് സർക്കാർ പൂർണമായി സഹകരിക്കും.

01.08.2023ന് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ താനൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കൽ നിന്നും എം.ഡി.എം.എ പിടിച്ചെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ ക്രൈം നം. 855/2023 ആയി കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ കേസിൽ കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരണപ്പെട്ട സംഭവത്തിൽ ക്രൈം നം. 856/2023 ആയി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതെങ്കിലും തരത്തിൽ ആളുകളെ കൊല്ലുന്ന സംഘമായി നമ്മുടെ പൊലീസ് മാറിയിട്ടില്ല എന്നതാണ്. രാജ്യത്ത് പലയിടത്തുനിന്നും കേൾക്കുന്ന വർത്തകൾ നമുക്ക് സ്വസ്ഥത തരുന്നതല്ല. എൻകൗണ്ടർ കൊലപാതകങ്ങളല്ലെ നടക്കുന്നത്.

വടക്കേയിന്ത്യയിലെ പല സംസ്ഥാനങ്ങളും അതിന്റെ ഭാഗമാണ്. പേരെടുത്തുപറഞ്ഞാൽ അത് പ്രതിപക്ഷത്തിനും ബുദ്ധിമുട്ടുണ്ടാകും. 84 പേരെ വരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയവരുണ്ട്.

എന്നാലിവിടെ എങ്ങനെയെങ്കിലുമൊന്ന് വെടിവെയ്ക്കെന്ന് പറഞ്ഞിട്ട് പൊലീസിനെ അങ്ങോട്ട് ആക്രമിച്ചിട്ടുപോലും പൊലീസ് സേന തിരിച്ച് സംയമനത്തോടെ നേരിട്ടിട്ടുണ്ട്.

അതേസമയം ഏതെങ്കിലും കുറ്റകൃത്യങ്ങൾ ഉണ്ടായാൽ, ലോക്കപ്പ് മരണം, കസ്റ്റഡി മരണം പോലുള്ളവ ഉണ്ടായാൽ ഒരു വിട്ടുവീഴ്ചയും സർക്കാർ കാണിക്കില്ല. മനുഷ്യ ജീവന്റെ പ്രശ്നമാണത്.

പൊലീസിന് ആളെ കൊല്ലാനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. എൻ ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *