Timely news thodupuzha

logo

ജനവിധിയെ സ്വാ​ഗതം ചെയ്യുന്നു; ജെയ്‌ക്.സി.തോമസ്

പുതുപ്പള്ളി: ജനവിധിയെ സ്വാ​ഗതം ചെയ്യുന്നുവെന്ന് ഇടതുപക്ഷ സ്ഥാനാർഥി ജെയ്‌ക്.സി.തോമസ്. പാർടിയുടെ വോട്ടു വിഹിതത്തിൽ കുറവുണ്ടായിട്ട് ഇല്ലെന്നും കേഡർ വോട്ടുകൾ പോലും ലഭിച്ചില്ലെന്ന തരത്തിൽ വരുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജെയ്‌ക് പറഞ്ഞു. പുതുപ്പള്ളിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ജെയ്‌ക്.

പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകള്‍ പോലും ലഭിച്ചില്ലെന്ന വാദത്തിന് വസ്‌തുതകളുടെ പിന്‍ബലമില്ല. 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വോട്ടു വിഹിതം 39483 ആയിരുന്നു.

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ അത് 36667 ആയി. വലിയ പരാജയം ഉണ്ടായെന്ന് വിമര്‍ശനമുണ്ടാകുന്ന ഈ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വോട്ടുവിഹിതം 41982 ആണ്. ഈ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇടതു മുന്നണിയുടെ വോട്ടു വിഹിതത്തിൽ കുറവുണ്ടായിട്ട് ഇല്ലെന്നും ജെയ്‌ക് പറഞ്ഞു. മുന്നണിയുടെ പ്രചരണ രീതിയിൽ എവിടെയും കോട്ടം തട്ടിയിട്ടില്ല.

ജീവിത പ്രശ്‌നങ്ങളും വികസനവുമാണ് ഇടതു മുന്നണി മുന്നോട്ടു വെച്ചത്. ചില പേരുകൾ മുന്നോട്ടു വെച്ച് മാത്രമാണ് യു.ഡി.എഫ് പ്രവർത്തിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് വളരെ പെട്ടെന്നാണ് പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

സമാനതകൾ ഇല്ലാത്തതായിരുന്നു ഈ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം. വൈകാരികതയുടെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ആ വൈകാരികതയെ നിലനിർത്താൻ യു.ഡി.എഫ് ശ്രമിച്ചു. ബി.ജെ.പി വോട്ടുകൾ കുറഞ്ഞതിലും കൃത്യമായ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. 2019 ല്‍ ബിജെപിയുടെ വോട്ടുവിഹിതം 29011 ആയിരുന്നു.

2021ല്‍ ഇത് 11694 ആയി കുറഞ്ഞു. ഇപ്പോൾ ഇത് 6447 ആണ്. ബിജെപി അധ്യക്ഷൻ പോലും തന്റെ സ്ഥാനാർഥിയുടെ പ്രചരണത്തിന് വന്ന് ഇടതുമുന്നണി തോൽക്കുമെന്ന് മാത്രമാണ് പറഞ്ഞത്.

മുന്നോട്ടു വെയ്‌ക്കാന്‍ ശ്രമിച്ച രാഷ്‌ട്രീയത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇപ്പോള്‍ രാഷ്‌ട്രീയ പരാജയമെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രചരണസമയത്ത് രാഷ്‌ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല.

വികസനത്തെ സംബന്ധിച്ച ചര്‍ച്ചയ്‌ക്ക് വിളിച്ചപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ മോശമായാണ് പ്രതികരിച്ചത്. അന്ന് ചര്‍ച്ചകള്‍ക്ക് തയാറാകാഞ്ഞവരാണ് ഇപ്പോള്‍ വിജയിച്ചപ്പോൾ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നതെന്നും ജെയ്ക് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *