തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടാണ് ഐക്യരാഷ്ട്ര സഭ 2023നെ ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്‌സായി പ്രഖ്യാപിച്ചിരുക്കുന്നത്.
ആരോഗ്യ രംഗത്ത് കേരളം വളരെ മുമ്പിലാണെങ്കിലും ജീവിതശൈലീ രോഗങ്ങൾ ഏറെ വെല്ലുവിളിയാണ്. ഇതിനുള്ള ചെറുത്ത് നിൽപ്പാണ് ചെറുധാന്യങ്ങൾ.
ചെറുധാന്യങ്ങൾ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരം പാപ്പനംകോട് സിഎസ്ഐആർ- എൻഐഐഎസ്ടിയിൽ സംഘടിപ്പിച്ച എഫ്എസ്എസ്എഐ ദക്ഷിണമേഖല ഈറ്റ് റൈറ്റ് മില്ലറ്റ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് എഫ്എസ്എസ്എഐയും കേരളവും ഒട്ടേറെ പരാപാടികൾ ആവിഷ്‌ക്കരിച്ച് നടത്തിയിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുഴുവൻ ജില്ലകളിലും മില്ലറ്റ് മേളകളും സംഘടിപ്പിച്ചു. രാജ്യത്ത് തന്നെ ഇത്രയും മേളകൾ സംഘടിപ്പിച്ച ഏക സംസ്ഥാനമാണ് കേരളം.
രാജ്യത്താകമാനം നടത്തിയ ഈറ്റ് റൈറ്റ് ഫേസ് ത്രീ ചലഞ്ചിൽ കൊല്ലം ജില്ല ഒന്നാമതായി തുടരുകയാണ്. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണ്.
ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി കേരളത്തിൽ ചെറു ധാന്യങ്ങളുടെ സ്വീകാര്യത വൻതോതിൽ വർധിച്ചിട്ടുണ്ട്. ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസിലാക്കാനായി സംസ്ഥാനത്ത് പാചക മേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ് അധ്യക്ഷനായ ചടങ്ങിൽ എഫ്എസ്എസ്എഐ കൊച്ചി ജോയിന്റ് ഡയറക്ടർ ഡോ. ശീതൾ ഗുപ്ത, ഡെപ്യൂട്ടി ഡയറക്ടർ കെ എൻ ധന്യ, സിഎസ്ഐആർ- എൻഐഐഎസ്ടി ഡോ. സി അനന്ദരാമകൃഷ്ണൻ, വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, വാർഡ് കൗൺസിലർ സൗമ്യ, മില്ലറ്റ് മിഷൻ കോ-ഓർഡിനേറ്റർ പി കെ ലാൽ എന്നിവർ പങ്കെടുത്തു.