കോഴിക്കോട്: നിപ വ്യാപന നിരീക്ഷണത്തിനായി 16 അംഗ ടീമുകൾ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സാംപിൾ ശേഖരണം, സമ്പർക്ക പട്ടിക തയാറാക്കൽ തുടങ്ങിയ ജോലികൾക്കായാണിത്. ജില്ലയിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിക്കും.
ഹെൽപ്പ് ലൈന്‍ നമ്പറുകൾ സജ്ജമാക്കുമെന്നും ഉന്നതതലയോഗത്തിനു ശേഷം ആരോഗ്യമന്ത്രി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിലും ജാഗ്രത ശക്തമാക്കുമെന്നും കൂടെ ആശുപത്രികളിൽ അനാവശ്യമായുള്ള സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൗലേഷന്‍ വാർഡുകളിലേക്ക് മാറ്റും. നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിചേർത്തു. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നാലു പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ഒരാൾ വെന്‍റിലേറ്ററിൽ ചികിത്സയിലാണ് ഉള്ളത്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്. പൂനെ എന്‍ഐവിയിൽ നിന്നുള്ള ഫലം ചൊവ്വാഴ്ച വൈകീട്ടോടെ പുറത്ത് വരും. അതിനു ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.