ന്യൂഡൽഹി: ഡീസൽ വാഹനങ്ങൾക്ക് പത്തു ശതമാനം നികുതി വർധിപ്പിക്കുമെന്ന സൂചന പിൻവലിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇത്തരത്തിലൊരു നികുതി വർധനയ്ക്കുള്ള നിർദേശം ഇപ്പോൾ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ഇല്ലെന്ന് മന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
നേരത്തെ, നികുതി വർധന സംബന്ധിച്ച സൂചന മന്ത്രിയിൽ നിന്നു ലഭിച്ചതിനെത്തുടർന്ന് ഓഹരി വിപണികളിൽ ഡീസൽ വാഹന നിർമാണ കമ്പനികളുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പുതിയ വിശദീകരണം. ഡീസൽ വാഹനങ്ങളുടെ ഉത്പാദനവും വിൽപ്പനയും നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നികുതി വർധന നിർദേശം വന്നത്.
വാഹന നിർമാതാക്കൾ ഡീസൽ വാഹന ഉത്പാദനം കുറച്ചില്ലെങ്കിൽ നികുതി വർധിപ്പിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ, ഇത് അടിയന്തര പരിഗണനയിലുള്ള കാര്യമല്ലെന്നാണ് പിന്നീട് അദ്ദേഹം വിശദീകരിച്ചത്.