തൃശൂർ: ചൊവ്വൂരിൽ കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. ചൊവ്വൂർ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിൽ ഇന്ന് പുലർച്ചെ 1 മണിയോടെ ദേശീയപാത തൃശൂർ നന്ദിക്കരയിൽ വച്ച് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെയാണ് ചേർപ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ സുനിൽ കുമാറിനാണ് വെട്ടേറ്റത്.
സുനിലിനെ കൂടാതെ 2 പൊലീസ് ഉദ്യോഗസ്ഥർക്ക് നേരേയും ആക്രമണമുണ്ടായിരുന്നു. മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് തടയാൻ ശ്രമിച്ചപ്പോഴാണ് സുനിൽ കുമാറിന് വെട്ടേറ്റത്.