കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരിൽ ഒരാൾക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കൽ ബോർഡിനു രൂപം നൽകി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു.
ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താൽ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തിൽ തൊഴിൽ നിഷേധിച്ചാൽ രോഗത്തിന്റെ പേരിൽ ആരും തൊഴിൽ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
തൊഴിൽ നിഷേധിച്ചതിനെതിരെ ആന്ധ്ര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.കേസിൽ നേരത്തെ കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്തിരുന്നു. ഹെപ്പറ്റൈറ്റിസ് ബി ബാധിതനാണെന്ന കാരണത്താൽ തൊഴിൽ നിഷേധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.
ഹെപ്പറ്റൈറ്റിസ് ബി രോഗികൾക്ക് തൊഴിൽ നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.ഹർജിക്കാരന്റെ കാര്യത്തിൽ ഫാക്ടിലെ ഡോക്ടർ ഉൾപ്പെട്ട മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ സ്വതന്ത്രമായി രൂപം നൽകിയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടാണ് പരിഗണിക്കേണ്ടത്- തോടതി പറഞ്ഞു