എഴുകോൺ: വീട് നിർമിക്കുന്നതിനായി മണ്ണ് ഖനനം ചെയ്ത സ്ഥലത്ത് പണപ്പിരിവിന്റെ പേരിൽ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ തമ്മിലുള്ള തർക്കം തമ്മിലടിയിൽ കലാശിച്ചു.
സംസ്ഥാന നേതാക്കളെ പ്രാദേശിക നേതാക്കൾ തല്ലിയോടിച്ചു. വെളിയം ചെപ്രയിലാണ് സംഭവം. കിടപ്പു രോഗിയായ സ്ത്രീയ്ക്ക് വീട് നിർമിക്കാൻ ഉദ്ദേശിച്ച ഭൂമിയിൽ അധികൃതരുടെ അനുമതിയോടെ മണ്ണ് നീക്കുകയായിരുന്നു. മണ്ണു ഖനനം ഏറ്റെടുത്തയാളിൽ നിന്ന് പ്രദേശത്തെ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളായ മുൻ പഞ്ചായത്ത് അംഗം രഞ്ജിത്, ഗിരിലാൽ എന്നിവർ പിരിവ് വാങ്ങിയിരുന്നു.
പിന്നീട് കൊട്ടാരക്കരയിൽ നിന്ന് എത്തിയ ബി.ജെ.പി മണ്ഡലം, സംസ്ഥാന നേതാക്കളായ അനീഷ് കിഴക്കേക്കര, സുഭാഷ് പട്ടാഴി, രാഹുൽ മണികണ്ഠേശ്വരം എന്നിവരും മണ്ണെടുപ്പുകാരിൽ നിന്ന് പണം ആവശ്യപ്പെട്ടു. ഇതറിഞ്ഞെത്തിയ പ്രാദേശിക നേതാക്കൾ സംസ്ഥാന നേതാക്കളുമായി തർക്കമായി. പരസ്പരം അസഭ്യം വിളിയിൽ തുടങ്ങിയ തർക്കം കൈയാങ്കളിയിൽ എത്തി.
ഒടുവിൽ പ്രാദേശിക നേതാക്കളെ ഭയന്ന് സംസ്ഥാന നേതാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം നവ മാധ്യമങ്ങളിൽ വൈറലായതോടെ പ്രശ്നം ഒതുക്കി തീർക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം.