ന്യൂഡൽഹി: പാർലമെന്‍റിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ത്രിണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരേ കൈക്കൂലി ആരോപണവുമായി ബി.ജെ.പി. സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ മഹുവ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്ത് നൽകി.
മഹുവയ്ക്കെതിരേ ഉടൻ അന്വേഷണം ഉണ്ടാവണമെന്നും സസ്പെൻഡുചെയ്യണമെന്നും കത്തിൽ ദുബെ വ്യക്തമാക്കുന്നു. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
അൻപതോളം ചോദ്യങ്ങളാണ് മഹുവ ചോദിച്ചത്. ഇതിൽ മിക്കതും ദർശൻ ഹിരാനന്ദാനിയെയും അദ്ദേഹത്തിന്‍റെ കമ്പനിയുടെയും താൽപര്യാർഥമാണ്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും ദുബെ പറഞ്ഞു.
സി.ബി.ഐ, ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നു പ്രതികരിച്ച മഹുവ, ബിജെപിയെയും അദാനി ഗ്രൂപ്പിനെയും വിമർശിക്കുകയും ചെയ്തു.
സംശയാലുക്കളായ സംഘികളും വ്യാജ ഡിഗ്രിക്കാരും നിർമിച്ച കേസുകെട്ടിനെ വിശ്വസിച്ച് എന്നെ നിശബ്ദയാക്കാനോ താഴ്ത്തികെട്ടാനോ അദാനി ഗ്രൂപ്പ് ശ്രമിക്കുകയാണെങ്കിൽ സമയം പാഴാക്കരുതെന്ന് പറയാനുള്ളുവെന്നും, എനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുംമുമ്പ് അദാനി കൽക്കരി കുംഭകോണത്തിൽ ഇ.ഡി എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതും കാത്തിരിക്കുന്നുവെന്നും മഹുവ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു.