ഇടുക്കി: വണ്ടിപ്പെരിയാർ ജുമാ മസ്ജിദ് ജമാഅത്ത് കമ്മറ്റി തിരഞ്ഞെടുപ്പിൽ നടന്ന തർക്കത്തെ തുടർന്ന് മുസ്ലീം ലീഗ് ജില്ലാക്കമ്മറ്റിയംഗത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മർദിച്ചതായി പരാതി. സംഭവത്തിൽ മുഴുവൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പിടികൂടണമെന്ന് മുസ്ലീലീഗ് പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രണ്ട് പാനലുകളിലായി 32 പേരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെയാണ് വോട്ടിങ്ങിന് സമയം നിശ്ചയിച്ചിരുന്നത്. അവസാന സമയമായ അഞ്ചിന് വോട്ടിംഗിന് എത്തി മടങ്ങിയ മുസ്ല്ലീം ലീഗ് ജില്ലാക്കമ്മറ്റിയംഗം ഷിജി ഹനീഫയെ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് മുസ്ലീം ലീഗ് ജില്ലാക്കമ്മറ്റിയംഗം റ്റി.എച്ച്.അബ്ദുൾ സമദ് പറഞ്ഞു
സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആ ക്രമണത്തിന് പിന്നിലെന്നും മർദ്ദനമേറ്റ ജില്ലാ കമ്മിറ്റി അംഗം ഷിജി ഹനീഫ പറഞ്ഞു.
ആക്രമണം നടത്തിയവരെ ഉടനടി പിടികൂടി നിയമത്തിന് മുൻപിൽ കൊണ്ടു വരണമെന്നും മുസ്ല്ലിം ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഇടപെടൽ ഉണ്ടായതിനാൽ വിവരങ്ങൾ വണ്ടിപ്പെരിയാർ പോലീസ് ഇന്റലിജൻസ് വിഭാഗത്തിന് കൈമാറി.
വണ്ടിപ്പെരിയാർ മുസ്ലീം ലീഗ് ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ.അബ്ദുൾ അസീസ്, ജില്ലാക്കമ്മറ്റിയംഗം ഷിജി ഹനീഫാ, റ്റി.എച്ച്.അബ്ദുൾ സമദ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.കെ.ഫൈസൽ, പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി കെ.ബി.നസീബ്, ഭാരവാഹികളായ ഒ.പി.ഷെരീഫ്, വി.കെ.അയൂബ്, കെ.എ.നൗഷാദ്, അൻവർ അജാസ്, റ്റി.എം.മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു.