Timely news thodupuzha

logo

എ.ബി.വി.പി അതിക്രമം, വിവേകാനന്ദ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് സമർപ്പിച്ച നോമിനേഷൻ ഫോമുകൾ കീറിയെറിഞ്ഞു

കുന്നംകുളം: വിവേകാനന്ദ കോളേജിൽ എ.ബി.വി.പി അതിക്രമം. പ്രിൻസിപ്പലിന്റെ ഓഫീസ്‌ കൈയേറി, കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് സമർപ്പിച്ച മുഴുവൻ നോമിനേഷൻ ഫോമുകളും കീറിയെറിഞ്ഞു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രക്രിയ അവസാനിച്ച് സ്ക്രൂട്ടിനി പുരോഗമിക്കുന്നതിനിടയിലാണ് എ.ബി.വി.പി അതിക്രമം നടത്തിയത്. എ.ബി.വി.പി സമർപ്പിച്ച 6 നോമിനേഷനുകളിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എ.ബി.വി.പി ഉയർത്തി കാട്ടിയ വിദ്യാർഥിനിയുടെ നോമിനേഷനുൾപ്പടെ 4 എണ്ണം തള്ളിപ്പോയി.

ഇതിൽ പ്രകോപിതരായ എ.ബി.വി.പി പ്രവർത്തകർ മണിക്കൂറുകളോളം തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകരോട് തർക്കിച്ചു. എന്നാൽ തെറ്റുകളുള്ള പത്രികകൾ സ്വീകരിക്കേണ്ടെന്ന് അധ്യാപകർ തീരുമാനിച്ചതോടെ പുറത്തേക്ക് പോയ എ.ബി.വി.പി പ്രവർത്തകൻ യോഗം ചേരുകയും നേതാക്കളെ ഫോണിൽ വിളിച്ച് ഗൂഢാലോചന നടത്തുകയും ചെയ്തു.

പ്രിൻസിപ്പലിന്റെ മുറിയിൽ തിരിച്ചെത്തുകയും വാതിൽ അകത്തുനിന്നും പൂട്ടിയ ശേഷം മുഴുവൻ പത്രികകളും കീറിയെറിയുകയുമായിരുന്നു. തുടർന്ന് ക്യാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തങ്ങൾക്ക് ആധിപത്യമുള്ള കോളേജിൽ എസ്എഫ്ഐയ്ക്ക് ലഭിക്കുന്ന വലിയപിന്തുണയിൽ വിറളി പൂണ്ട എബിവിപി കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ആക്രമണ പരമ്പരകളുടെ തുടർച്ചയാണ് പുതിയ സംഭവം.

തോൽവി ഭയന്ന് ഗുണ്ടായിസത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി എ.ബി.വി.പി നടത്തുന്ന ശ്രമങ്ങളിൽ മുഴുവൻ വിദ്യാർഥികളും പ്രതിഷേധിക്കണമെന്ന് എസ്.എഫ്.ഐ തൃശൂർ ജില്ലാ പ്രസിഡന്റ് ആർ.വിഷ്ണു, സെക്രട്ടറി ജിഷ്ണു സത്യൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *