തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലവസ്ഥവകുപ്പ് അറിയിച്ചു.
അടുത്ത 48 മണിക്കൂറിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു.
ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു.
വരും മണിക്കൂറുകളിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്‌ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂനമർദമായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥവകുപ്പ് അറിയിച്ചു.