Timely news thodupuzha

logo

പാവങ്ങളുടെ ഡോക്റ്റർ ആർ.കുമാർ അന്തരിച്ചു

കോട്ടയം: നിരവധിയാളുകളുടെ ജീവൻ രക്ഷിച്ച പാവങ്ങളുടെ ഡോക്റ്റർ എന്ന് ഖ്യാതി കേട്ട ഡോ. പി.ആർ കുമാർ ഈ ലോകത്ത് നിന്നും യാത്രയായി.

കോട്ടയം പരിപ്പ് മെഡികെയർ ഹോസ്പിറ്റൽ ഉടമയും അയ്മനം കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്റർ ഡോക്റ്ററുമായ പി.ആർ കുമാർ(64) നിര്യാതനായി.

തലയിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഞായറാഴ്ച പുലർച്ചെ കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയുമായിരുന്നു.

നിസ്വാർഥ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ഡോക്റ്ററെയാണ് നാടിന് നഷ്ടമായതെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോട്ടയത്ത് ഗതാഗത സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി നിസ്വാർഥ സേവനം നൽകി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് അയ്മനത്തിന് നഷ്ടമായത്.

2006ലെ സോഷ്യൽ സർവീസ് ഫോർ ഡോക്റ്റേഴ്സ് മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ അവാർഡ്, 2008ലെ എൻ.എസ്.എസ് ട്രസ്റ്റ്‌ സോഷ്യൽ സർവീസ് അവാർഡ്, 2009 ലെ ഗോവിന്ദമേനോൻ ബർത്ത് സെന്റനറി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഡോ. കുമാർ കരസ്ഥമാക്കിയിട്ടുണ്ട്.

തികഞ്ഞ വള്ളംകളി പ്രേമിയും, വഞ്ചിപ്പാട്ട് വിദഗ്ദ്ധനുമായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി മത്സര വള്ളംകളികളിൽ ചുണ്ടൻവള്ളങ്ങളുടെ ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടുണ്ട്. ഭാര്യ: ഡോ. രാധ. മക്കൾ: ഡോ. രോഹിത് രാംകുമാർ, ശരത് രാംകുമാർ (എഞ്ചിനിയർ).

Leave a Comment

Your email address will not be published. Required fields are marked *