ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളേജിനോടനുബന്ധമായി പുതുതായി സര്‍ക്കാര്‍ അനുവദിച്ച ബി.എസ്.സി നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളായി പ്രൊഫ. സുലോചന വി.എ ചുമതലയേറ്റതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2022-23 സംസ്ഥാന ബജറ്റിലാണ് ഇടുക്കി നേഴ്സിംഗ് കോളേജ് അനുവദിച്ചത്. അതിനുശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് , ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ജോയിന്‍റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. സലീന ഷാ യുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തി പ്രാഥമിക പരിശോധന നടത്തുകയും അറുപത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള അംഗീകാരം നേടിയെടുക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പാളിനു പുറമെ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ നിയമനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഇതര സൗകര്യങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമന്ത്രിയുടെ മെഡിക്കല്‍ കോളേജ് പ്രതിനിധി സി.വി വര്‍ഗ്ഗീസ്, മന്ത്രി റോഷി അഗസ്റ്റിന്‍റെ മെഡിക്കല്‍ കോളേജ് പ്രതിനിധി ഷിജോ തടത്തില്‍, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഐ.എ.എസ്, സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ ഐ.എ.എസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബാലകൃഷ്ണന്‍ പി.കെ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗ്ഗീസ് എന്നിവരുടെ കൂട്ടായ പരിശ്രമം സമയബന്ധിതമായി നേഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിന് സഹായകരമായെന്നും മന്ത്രി അറിയിച്ചു.