Timely news thodupuzha

logo

അംബാനിയെ ഭീഷണിപ്പെടുത്തിയ രാജ്‌വീര്‍ ഖാന്‍ നിര്‍മ്മിച്ച ഇമെയില്‍ ഐ.ഡി പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ പേരിലെന്ന് ക്രൈം ബ്രാഞ്ച്

ന്യൂഡൽഹി: മുകേഷ് അംബാനിക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശത്തില്‍ മുംബൈ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസില്‍ പിടിയിലായ രാജ്‌വീര്‍ ഖാന്‍ നിര്‍മ്മിച്ച ഇമെയില്‍ ഐ.ഡി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷദബ് ഖാന്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശം എത്തിയത്.

പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് shadabkhan@mailfence എന്ന മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയെ ഈ മാസം 8 വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ഒക്ടോബർ 27നാണ് മുകേഷ് അംബാനിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത്. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഇമെയിലിൽ സന്ദേശം ലഭിക്കുന്നത്. പിന്നീട് 2 ഭീഷണി ഇമെയിൽ കൂടി അംബാനിക്ക് ലഭിച്ചു.

27ന് ആദ്യ മെയിലയച്ച രാജ്‌വീർ അടുത്ത ഇമെയിലിൽ 200 കോടിയും മൂന്നാമത്തെ ഇമെയിലിൽ 400 കോടിയും ആവശ്യപ്പെട്ടു. ആദ്യ ഭീഷണി സന്ദേശത്തില്‍ തന്നെ മുകേഷ് അംബാനിയുടെ സുരക്ഷ ചുമതലുള്ള ഉദ്യോഗസ്ഥര്‍ മുംബൈയിലെ ഗാവ്‌ദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

രാജ്‌വീറിനൊപ്പം ഗണേഷ് രമേശ് വനപർഥി എന്ന മറ്റൊരാൾ കൂടി അംബാനിയ്ക്ക് ഭീഷണി സന്ദേശമയച്ച മറ്റൊരു കേസിൽ പിടിയിലായിരുന്നു. തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ഗണേഷ് 500 കോടി രൂപ ആവശ്യപ്പെട്ടാണ് മെയിൽ അയച്ചത്.

19 വയസുകാരനായ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഗണേഷ്. മുകേഷ് അംബാനിക്ക് 400 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചെന്ന വാർത്ത കണ്ടാണ് ഗണേഷ് മെയിൽ അയച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളും കസ്റ്റഡിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *