തൊടുപുഴ: പൗരോഹിത്യ സുവർണ്ണ ജൂബിലിയും ആഘോഷിച്ച് വിടവാങ്ങിയ കോതമംഗലം രൂപതാ വൈദീകൻ റവ. ഡോ. തോമസ് പെരിയപ്പുറം വിവിധ മേഖലകളിൽ സേവനം ചെയ്ത ഒരു പുരോഹിതനാണ്. പള്ളി വികാരി, രൂപതാ വികാരി ജനറാൾ, സെമിനാരി അധ്യാപകൻ, കോളേജ് പ്രിൻസിപ്പൽ, മലയാള ഭാഷാ പണ്ഡിതൻ, വിശേഷണങ്ങൾ ഏറെയാണ്. വികാരിയായി സേവനം ചെയ്ത നാളുകളിൽ ഒട്ടേറെ വികസന കാര്യങ്ങളും നടക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദൈവ പരിപാലനയുടെ അൻപതാണ്ട് – ഒരു പുരോഹിത ശുശ്രൂഷയുടെ ഓർമ്മ കുറിപ്പുകൾ എന്ന പുസ്തകത്തിലൂടെ പെരിയപ്പുറം അച്ചൻ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടു കാലത്തെ കാര്യങ്ങളാണ് വിവരിക്കുന്നത്.
ചെപ്പുകുളം സെന്റ്. തോമസ്പള്ളി വികാരിയായി പ്രവർത്തിച്ച രണ്ട് വർഷം കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഒരു നാടിന് നൽകിയത്. റോഡുകളുടെ നിർമ്മാണം, പോസ്റ്റോഫീസ് ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെപ്പുകുളത്ത് ചെയ്തു. പൗരോഹിത്യ ശുശ്രൂഷോടൊപ്പം പഠനത്തിനും ശ്രദ്ധവെച്ചിരുന്നു. മലയാല ഭാഷയിൽ ഡോക്ടറേറ്റ് നേടിയതും കഠിന പരിശ്രമം കൊണ്ടാണ്. കെ.സുരേന്ദ്രന്റെ നോവലുകളിലെ ഹ്യൂമനിസം – ഒരു പഠനം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. തൃശൂർ കേരള വർമ്മ കോളേജ് മലയാള വിഭാഗം റിസേർച്ച് സെന്ററും അതിന്റെ ഡയറക്ടർ ഡോ. ഷൊർണൂർ കാർത്തികേയനെ ഗൈഡായും സ്വീകരിച്ചാണ് ഗവേഷണ പഠനം നടത്തിയത്. കോലടി പള്ളിയിൽ സേവനം ചെയ്യുമ്പോഴാണ് പാറക്കടവ് കപ്പേളയുടെ നിർമ്മാണം. നെടിയശാല പള്ളിയിൽ സംക്ഷിപ്ത ചരിത്ര ഫലകം സ്ഥാപിച്ചു. അതിപോലെ പ്രധാന തിരുനാളുകളിൽ മാത്രം നടത്തിയിരുന്ന പിടിനേർച്ച എല്ലാ ശനിയാഴ്ചകളിലും ആരംഭിച്ചത് പെരിയപ്പുറം അച്ചന്റെ കാലത്താണ്. തൊടുപുഴ ഈസ്റ്റ് വിജ്ഞാനാമാതാ പള്ളിയിൽ സെമിത്തേരിയുടെ പേരിലുള്ള തർക്കങ്ങൾക്ക് പരിഹാരമായതും അച്ചന്റെ കാലഘട്ടത്തിലാണ്.
നർമ്മം കലർന്ന സംസാരം കൊണ്ടും സ്നേഹപൂർവ്വമായ പെരുമാറ്റം കൊണ്ടും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിരുന്നു. തന്റെ ദിശാബോധവും നേതൃപാടവവും കൊണ്ട് ഇടുക്കി രൂപതയെ ആരംഭഘട്ടത്തിൽ വളർച്ചയുടെ പടവുകളിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അജപാലന രംഗത്ത് വിശ്വാസ പരിശീലനത്തിന് മുന്തിയ പരിഗണന നൽകി ശരിരായ മേൽനോട്ടം വഴി താൻ സേവനം ചെയ്ത ഇടവകകളെ വിശ്വാസ പരിശീലനത്തിൽ രൂപതയിൽ മുൻ നിരയിൽ എത്തിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുതലക്കോടം സെൻര് ജോർജ് ഫൊറോന പള്ളിയിൽ ആത്മീയ ഉപദേഷ്ടാവായി സേവനം ചെയ്തു വരുന്നതിനിടയിലാണ് വിയോഗം.
ഇഞ്ചൂർ പെരിയപ്പുറം മത്തായി-ഏലീശ്വ ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമനായി 1947ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോതമംഗലം സെന്റ് ജോസഫ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദിക പരിശീലനം പൂർത്തിയാക്കി. 1972ൽ വൈദികനായി. തുടർന്ന് കോതമംഗലം കത്തീഡ്രൽ അസ്തേന്തിയായും ചെപ്പുകുളം, അംബികാപുരം, പൊയ്ക (വടാട്ടുപാറ), കോലടി, നെടിയശാല, കരിമ്പൻ , കോതമംഗലം കത്തീഡ്രൽ, തൊടുപുഴ ഈസ്റ്റ് പള്ളികളുടെ വികാരിയായും സേവനമനുഷ്ഠിച്ചു. കൂടാതെ കോതമംഗലം മൈനർ സെമിനാരിയുടെ വൈസ് റെക്ടർ, വിജ്ഞാന ഭവൻ അസിസ്റ്റന്റ് ഡയറക്ടർ, മാർ മാത്യു പോത്തനാമുഴി പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറി, നിർമല കോളജ് ബർസാർ, മുരിക്കാശേരി പാവനാത്മ കോളജ് ബർസാർ പ്രിൻസിപ്പൽ, മൂവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പൽ, രൂപത വൈദിക സമിതി അംഗം, രൂപത ആലോചന സമിതി അംഗം, രൂപത ഫിനാൻസ് കൗണ്സിൽ അംഗം, രൂപത വിശ്വാസ പരിശീലന സമിതി അംഗം, ഇടുക്കി രൂപതയുടെ ആദ്യ വികാരി ജനറൽ, മംഗലപ്പുഴ സെമിനാരി പ്രഫസർ, മുതലക്കോടം പള്ളിയിലെ റസിഡന്റ് പ്രീസ്റ്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ക്കാരം 17 /11 /2023 ഉച്ചകഴിഞ്ഞു 2 .30 നു ഇഞ്ചൂർ പള്ളിയിൽ .