തിരുവനന്തപുരം: മുത്തശി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എഴുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സുബ്ബലക്ഷ്മി മുപ്പതു വർഷത്തോളം ജവഹർ ബാലഭവനിൽ സംഗീത അധ്യാപികയായിരുന്നു.
ആകാശവാണിയിലും ദീർഘകാലം പ്രവർത്തിച്ചു. ആകാശവാണിയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിത കംപോസർമാരിൽ ഒരാൾകൂടിയാണ് സുബ്ബലക്ഷ്മി.
പരസ്യചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സുബ്ബലക്ഷ്മി നന്ദനമെന്ന ചിത്രത്തിൽ വാല്യക്കാരി മുത്തശിമാരിലൊരാളായണ് ചലച്ചിത്രലോകത്ത് എത്തുന്നത്.
പിന്നീട് നിരവധി സിനിമകളിൽ സാന്നിധ്യം അറിയിച്ചു. കല്യാണരാമൻ, തിളക്കം, ഗ്രാമഫോൺ, രാപ്പകൽ, മേരിക്കുണ്ടൊരു കുഞ്ഞാട്, മുല്ല, പാണ്ടിപ്പട തുടങ്ങിയവയാണു പ്രധാന ചിത്രങ്ങൾ. കൂടാതെ ഹിന്ദി, തമിഴ്, കന്നഡ സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മേരിക്കുണ്ടൊരു കുഞ്ഞാടിൽ എൻറെടുക്കെ വന്നടുക്കുമെന്ന ഗാനം പാപ്പുക്കുട്ടി ഭാഗവതരോടൊപ്പം ആലപിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്. അഭിനേത്രിയും നർത്തകിയുമായ താര കല്യാൺ മകളാണ്.