പാലക്കാട്: കേരളത്തിന് ലഭിക്കേണ്ട ജി.എസ്.ടി വിഹിതത്തിൽ നിന്ന് കാരണം കൂടാതെ കേന്ദ്രം 332 കോടി രൂപ വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നവംബർ അവസാനത്തോടെ ലഭിക്കേണ്ട തുകയാണ് വെട്ടിക്കുറച്ചത്.
ഇതോടെ സംസ്ഥാനത്തിൻറെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവംബറിൽ 1450 കോടി രൂപയായിരുന്നു കിട്ടേണ്ടിയിരുന്നു. ഇതിൽ നിന്നാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും തുക വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെയല്ല പരിഗണിച്ചിരിക്കുന്നത്.ഏറ്റവും വലിയ വെട്ടിക്കുറവു വന്ന സംസ്ഥാനം കേരളമാണ്. ഇത്ര വലിയ തുക വെട്ടിക്കുറച്ചത് ബോംബ് ഇടുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഇതു സംബന്ധിച്ച് നൽകിയിരിക്കുന്ന കത്തിൽ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തുക വെട്ടിക്കുറക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
പുറത്തു നിർമിച്ചു കേരളത്തിൽ വിൽക്കുന്ന വസ്തുക്കൾക്ക് അവിടെ ശേഖരിക്കുന്ന ജിഎസ്ടിയിൽ നിന്ന് കേരളത്തിന് കിട്ടേണ്ട തുകയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാന സർക്കാർ ചെലവഴിച്ച 6000 കോടി രൂപ ഉൾപ്പെടെ കേന്ദ്രത്തിൽ നിന്ന് 57,000 കോടി രൂപ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.