Timely news thodupuzha

logo

കാട്ടാന ആക്രമണം; മുള്ളരിങ്ങാട് വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ ഫെൻസിങ്ങ് സ്ഥാപിക്കും

തൊടുപുഴ: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിൽ വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ പി ജെ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു . വനാതിർത്തിയോട് അനുബന്ധിച്ച് 10 കിലോമീറ്ററോളം ദൂരത്തിൽ ഫെൻസിംഗ് സ്ഥാപിക്കേണ്ടിവരും . ഇതിനായി 10 ലക്ഷം രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകുമെന്ന് പി ജെ ജോസഫ് എംഎൽഎയും എട്ടു ലക്ഷം രൂപ എംപിയുടെ ഫണ്ടിൽ നിന്നും നൽകാമെന്ന് ഡീൻ കുര്യാക്കോസ് എംപിയും അറിയിച്ചു.

ബാക്കി ആവശ്യം വരുന്ന തുക അനുവദിക്കുന്ന കാര്യം ജില്ലാ കളക്ടറുമായി ആലോചിച്ച് നടപടി കൈക്കൊള്ളാമെന്ന് സബ് കളക്ടർ യോഗത്തിൽ അറിയിച്ചു. ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനുള്ള വിശദമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കാൻ മുള്ളരിങ്ങാട് റേഞ്ച് ഓഫീസർക്ക് നിർദ്ദേശം നൽകി. എസ്റ്റിമേറ്റ് ലഭിച്ചാൽ ഉടൻ പദ്ധതി നിർദേശം കളക്ടർക്ക് നൽകും . നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.

വാളറ തൊട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിന് വാളറ മുതൽ നീണ്ടപാറ വരെ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പെൻസ്‌റ്റോക്ക് പൈപ്പുകൾ കടന്നു പോകുന്ന പ്രദേശങ്ങളിലെ ഉൾ വനങ്ങളിലേയ്ക്ക് കാട്ടാനകൾക്ക് കടന്നുപോകാനാകുന്നില്ല. പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന വഴിയിൽ ആനയുടെ സ്വാഭാവിക സഞ്ചാരം സുഗമമാക്കാൻ റാംപ് നിർമ്മിക്കുന്ന കാര്യം വനം വകുപ്പ് ആലോചിച്ചു വരികയാണെന്ന് ഡിഎഫ്ഒ വ്യക്തമാക്കി.

മൂന്നുവർഷം മുമ്പ് വരെ മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം ഉണ്ടായിരുന്നില്ല . ഇവിടെ പട്രോളിങ് ശക്തമാക്കാനും കൂടുതൽ വാച്ചർമാരെ നിയമിക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്നും ഡി എഫ് ഒ വ്യക്തമാക്കി. കാടിനുള്ളിലേക്ക് അവശേഷിക്കുന്ന കാട്ടാനകളെ കയറ്റി വിടുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കണമെന്നും വനപ്രദേശങ്ങളോടു ചേർന്ന് അടിക്കാടുകൾ വെട്ടിതെളിക്കുന്ന ജോലി ഉടൻ തുടങ്ങണമെന്നും പി ജെ ജോസഫ് എംഎൽഎ നിർദ്ദേശിച്ചു.

ആർ ആർ ടി സംഘത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും മുള്ളരിങ്ങാട് മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

യോഗത്തിൽ സബ് കളക്ടർ അനൂപ് ഖാർഗ് ഐഎഎസ് , കോതമംഗലം ഡിഎഫ്ഒ പി യു സാജു ഐഎഫ്എസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ ബിജു , തഹസിൽദാർ സക്കീർ, മുള്ളരിങ്ങാട് റേഞ്ച് ഓഫീസർ ടോമിൻ ജെ അരഞ്ഞാണി , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രവി കൊച്ചിടക്കുന്നേൽ, അഡ്വ ആൽബർട്ട് ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ജിജോ ജോസഫ് , മുൻ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി കളപ്പുര, എഎസ്കെ പ്രതിനിധികളായ ജോജോ, നാസർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *