കൊച്ചി: നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ജോജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി. കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ദേഹാപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കിയത്.
എന്നാൽ വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 2021 നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരമാണ് വൈറ്റില മേല്‍പ്പാലത്തിന് സമീപം അക്രമത്തില്‍ കലാശിച്ചത്. സമരത്തിന് എതിരെ പ്രതികരിച്ച ജോജുവിനെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മേയര്‍ ടോണി ചമ്മണിയടക്കം പ്രതികളായ എട്ട് കോണ്‍ഗ്രസ് നേതാക്കളാണ് കോടതിയെ സമീപിച്ചത്.