Timely news thodupuzha

logo

കുസാറ്റ് ദുരന്തം; ചികിത്സയിലിരുന്ന 2 വിദ്യാർഥിനികൾ ആശുപത്രി വിട്ടു

കൊച്ചി: കുസാറ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർഥിനികൾ ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ 10 ദിവസമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി വിനോദ് എന്നിവരാണ് വീട്ടിലേക്ക് മടങ്ങിയത്. മരണത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഇരുവരെയും യാത്രയാക്കാൻ കളക്‌ടർ എൻ.എസ്‌.കെ ഉമേഷ്‌ ആശുപത്രിയിലെത്തിയിരുന്നു.

മികച്ച ചികിത്സ ലഭിച്ചതുകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതെന്ന് ഷേബയും ഗീതാഞ്ജലിയും പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ എല്ലാവരും മാനസിക ആരോഗ്യം വീണ്ടെടുക്കാനും സഹായിച്ചുവെന്ന്‌ ഇരുവരും പറഞ്ഞു.

നവംബർ 25നാണ്‌ മൂന്നു വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം. ഗാനമേള കാണാനെത്തിയവർ ഓഡിറ്റോറിയത്തിന്‌ മുന്നിലുണ്ടാക്കിയ തിക്കിലും തിരക്കിലും പെട്ടാണ്‌ അങ്കമാലി എസ്‌.സി.എം.എസ് കോളേജ് വിദ്യാർഥിനിയായ ഷേബയ്‌ക്കും കുസാറ്റിലെ മൂന്നാംസെമസ്റ്റർ ഇലക്ട്രോണിക്സ് വിദ്യാർഥിനിയായ ഗീതാഞ്ജലിക്കും പരിക്കേറ്റത്.

ചവിട്ടേറ്റതിനെ തുടർന്ന് ശ്വാസകോശത്തിലും കരളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, അവസ്ഥ മോശമായിരുന്നതിനാൽ ആദ്യ ദിവസങ്ങളിൽ വെന്റിലേറ്ററിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *