കോട്ടയം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലെ സ്മാർട്ട് റവന്യൂ നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
കോട്ടയം ജില്ലാ നിർമിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിർവഹണ ഏജൻസി. പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ് നിർമിതി കേന്ദ്രത്തിന് ചുമതല നൽകിയിരിക്കുന്നത്.
കളക്ടർ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരമൊരുമാറ്റമെന്ന് റവന്യു വകുപ്പിൻറെ ഉത്തരവിൽ വ്യക്തമാക്കുന്നു. പൊതുമരാമത്ത് വകുപ്പിനെ വിശ്വാസമില്ലാത്ത കളക്ടറുടെ നടപടിയിൽ മന്ത്രി മുഹമ്മദ് റിയാസ് അതൃപ്തനാണെന്നാണ് വിവരം.
അതേസമയം, 21 ഓളം ലൈഫ് മിഷൻ വീടുകൾ നിർമിക്കാൻ ആവശ്യമായ തുകയാണ് കളക്‌ടർ ബംഗ്ലാവിനായി സർക്കാർ അനുവദിച്ചതെന്ന് ശ്രദ്ധേയമാണ്.
സാമ്പത്തിക പ്രതിസന്ധി കാരണം ലൈഫ് മിഷൻ നിർമാണം നിലച്ചതോടെ ഒമ്പത് ലക്ഷം പേരാണ് വീടിനായി ക്യൂവിൽ നിൽക്കുന്നത്. 717 കോടി രൂപ ബജറ്റിൽ ലൈഫ് മിഷന് വകയിരുത്തിയെങ്കിലും വീട് നിർമാണത്തിന് കൊടുത്തത് മൂന്നുശതമാനം മാത്രമാണ്.