തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കൊവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം കേരളത്തിൽ 104 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. ആർ.റ്റി.പി.സി.ആർ പരിശോധനകളുടെ എണ്ണവും കൂട്ടിയതായി റിപ്പോർട്ടുകളുണ്ട്.
ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്സിൻ അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഇന്ത്യയിലും കൊവിഡ് കേസുകളുടെ കാര്യത്തിൽ നേരിയ വർധനവുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 31 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ആക്റ്റീവ് കേസുകളുടെ നില 587 ആയി. ശനിയാഴ്ച്ച മാത്രം 42 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവിൽ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ലോകത്തെ പലഭാഗങ്ങളിലും കൊവിഡ് നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്ക, യു.കെ., ഫ്രാൻസ്, മലേഷ്യ, ഓസ്ട്രേലിയ, ഫിലിപ്പീൻസ് തുടങ്ങിയ പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ നാലാഴ്ച്ചയ്ക്കിടെ മാത്രം ഓസ്ട്രേലിയയിൽ 500 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ആഴ്ച്ചകളെ അപേക്ഷിച്ച് 160% കൂടുതലാണിത്. കൊവിഡ് നിരക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ പലഭാഗങ്ങളിലും മാസ്ക് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.