Timely news thodupuzha

logo

സഹകരണ ഓണചന്തകൾ വിപണിയില്‍ ആശ്വാസമായി; മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: കേരളത്തിലെ ഓണം വിപണിയില്‍ വിലക്കയറ്റത്തത്തിന് തടയിടാന്‍ സഹകരണ ഓണ ചന്തകള്‍ക്ക് കഴിഞ്ഞതായി സഹകരണ- രജിസ്‌ട്രേഷന്‍-സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 സഹകരണ ഓണചന്തകളാണ് ഇത്തവണ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖനേ സഹകരണ സംഘങ്ങൾ നടത്തി വരുന്നത്. ഇക്കഴിഞ്ഞ 29 ന് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ വിപണികള്‍ സജീവമായി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

ഓണച്ചന്തയില്‍ 13 ഇനം നിത്യോപയോഗസാധനങ്ങള്‍ 50% വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിപണിയില്‍ നിന്നും 30% വരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങളും, 10% – 40% വിലക്കുറവില്‍ നോണ്‍-സബ്‌സിഡി ഇനങ്ങളും ലഭ്യമാക്കുവാനാണ് തീരുമാനിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തത്. എന്നാല്‍ വിപണിയിലെ വിലക്കയറ്റം മൂലം ഇപ്പോള്‍ 60 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് വാങ്ങാന്‍ സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വളരെ നേരത്തെ തന്നെ സഹകരണ വകുപ്പ് ഓണച്ചന്തകള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഗുണമേന്മയില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് സാധനങ്ങള്‍ എത്തിച്ചത്. സാധനങ്ങളില്‍ ചിലതിന് സര്‍ക്കാർ നിശ്ചയിച്ച ഗുണനിലവാരം ഇല്ലന്ന് കണ്ടെപ്പോള്‍ അത് തിരികെ നല്‍കി മികച്ച ഉത്പന്നം വാങ്ങിയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഒരു വിട്ടു വീഴ്ച്ചയും പാടില്ലന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും ഇത്തവണ ഓണചന്തകളില്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടുണ്ട്. പല മേഖലകളിലും പച്ചക്കറികളും പലവ്യഞ്ജന ഉത്പന്നങ്ങളും ഒന്നിച്ച് സഹകരണ ഓണചന്തകള്‍, ഗ്രാമീണ ചന്തകള്‍ എന്നീ പേരുകളിലും ഓണം വിപണിയിൽ ആരംഭിച്ചിട്ടുണ്ട്. അരി-25 രൂപ, പച്ചരി- 23, പഞ്ചസാര- 22, വെളിച്ചെണ്ണ(500 മി.) – 46 , ചെറുപയര്‍- 74, മുളക്-75, മല്ലി- 79, ഉഴുന്ന്- 66, കടല-43 എന്നീ വിലയ്ക്കാണ് പ്രധാന സബ്‌സിഡി ഇനങ്ങള്‍ നല്‍കുന്നത്. കൂടാതെ തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികള്‍ എന്നിവ പ്രത്യേക വിലക്കുറവില്‍ വില്‍ക്കുന്നുണ്ട്. ഇത്തവണ ഓണത്തിന് സഹകരണമേഖലയുടെ ഉത്പന്നങ്ങള്‍ കൺസ്യൂമർ ഫെഡിന്റെ തൃവേണി സ്റ്റോറുകളിലൂടെയും വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. ത്രിവേണി ഔട്ട്‌ലെറ്റുകളില്‍ സഹകരണ കോര്‍ണ്ണര്‍ എന്ന പ്രത്യേക സ്ഥലം ഒരുക്കിയാണ് ഇവയുടെ വില്‍പ്പന. 344 ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ഓണ വിപണിയില്‍ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ സഹകരണ എക്‌സ്‌പോയില്‍ എത്തിയ ഈ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതിന്റെ വിജയകരമായ വിപണിയായി ഓണചന്തകള്‍ മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഏറ്റവും മികച്ച രീതിയില്‍ സഹകരണ കോര്‍ണര്‍ ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. ഓണം വിപണി ആരംഭിച്ച് നാലുദിവസം പിന്നിട്ടപ്പോള്‍ വിപണിയിലെക്ക് ശേഖരിച്ച സാധനങ്ങയുടെ 25 ശതമാനം വിൽപന നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയ തിരക്കാണ് വിപണികളില്‍ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമായി മാറും. കൊവിഡ് കാലത്തിന് ശേഷം വിപണിക്ക് ഉണര്‍വായി മാറിയ ഓണക്കാലമാണിത്, അതില്‍ വലിയ വിലകയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്താന്‍ സഹകരണ വകുപ്പിന്റെ ഇടപെടലിലൂടെ സാധ്യമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 341 രൂപ വിലയുള്ള മില്‍മയുടെ ഓണകിറ്റ് 297 രൂപയ്ക്കും കാഷ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ കശുവണ്ടിപ്പരിപ്പ് പൊതുമാര്‍ക്കറ്റിനേക്കാള്‍ 15 ശതമാനം വിലക്കുറവിലും ഓണചന്തയിലൂടെ വില്‍പന നടത്തുണ്ട്. മില്‍മയുടെ ഒരു ലക്ഷം കിറ്റുകളാണ് ഇത്തവണ ഓണവിപണിയ്ക്കായി വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *