കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ ക്രൂര തൊഴിൽ പീഡനം. ടാർഗറ്റ് പൂർത്തിയാക്കാത്ത തൊഴിലാളികളെ വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചെന്നും ഭക്ഷണം കഴിക്കാതിരിക്കാൻ വായിൽ ഉപ്പു വാരിയിട്ടെന്നുമാണ് വിവരം. വീടുകളിൽ ഉത്പന്നങ്ങളുമായി വിൽപ്പനക്കെത്തുന്ന യുവാക്കൾക്കാണ് ഇത്തരം പീഡനം നേരിടേണ്ടി വന്നത്. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ശിക്ഷാ നടപടികളിലേക്ക് കടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
സമാനമായി മുമ്പും ഇതേ സ്ഥാപനത്തെ പറ്റി പരാതികൾ ഉയർന്നിരുന്നു. ജോലിക്കെത്തുന്ന പെൺകുട്ടികൾ ചൂഷണത്തിനിരയായെന്നും നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഈ ദ‍്യശ‍്യങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ നടന്നതാണെന്നാണ് മുമ്പ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവെന്ന് അവകാശപ്പെടുന്ന യുവാവ് പറയുന്നത്. സംഭവത്തിൽ പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം ലേബർ ഓഫീസറിനോട് സംഭവം അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി ശിവൻകുട്ടി ആവശ‍്യപ്പെട്ടു.