ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നത് നാടിന്റെ ഭാവി ഭദ്രമാണ് എന്ന സന്ദേശം: മുഖ്യമന്ത്രി പിണറായി വിജയൻ
തൊടുപുഴ: നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി എട്ട് ജില്ലകള്‍ താണ്ടി നവകേരള സദസ്സ് തൊടുപുഴയിലെത്തുമ്പോള്‍ ജനലക്ഷങ്ങളുമായി സര്‍ക്കാര്‍ സംവദിച്ചു കഴിഞ്ഞു. ഈ വേദികളില്‍ എത്തുന്ന ജനസഞ്ചയം സര്‍ക്കാറിന് നല്‍കുന്നത് കൃത്യമായ സന്ദേശമാണ്. ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സിന്റെ ഇടുക്കി ജില്ലയിലെ ആദ്യ മണ്ഡലം സദസ്സ് തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മൈതാനത്തു ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ല എന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം. തകര്‍ന്നടിയുമെന്ന് ലോകം മുഴുവന്‍ കരുതിയ സമയത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉയര്‍ത്തെഴുന്നേറ്റവരാണ് നാം. വലിയ പ്രകൃതി ദുരന്തങ്ങളെ ഐക്യത്തോടെ നിന്ന് നാം അതിജീവിച്ചു. ആഘട്ടത്തില്‍ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവിക്കുന്ന സമീപനവും സ്വീകരിച്ചു. കേരളം തകരട്ടെ എന്ന കേന്ദ്രത്തിന്റെ മനസ്സിനെ ഐക്യവും ഒരുമയും കൊണ്ടാണ് നാം നേരിട്ടത്. നമുക്ക് മുന്നോട്ടുപോയേ തീരൂ എന്ന് നാം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. അങ്ങിനെ മുന്നോട്ടുപോയ നാം ഇന്ന് എല്ലാ മേഖലയിലും അഭിവൃദ്ധി പ്രാപിച്ചു. മധ്യവരുമാനമുള്ള രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് നമുക്ക് വളരേണ്ടതുണ്ട്. അതിന് എല്ലാ മേഖലയും അഭിവൃദ്ധിപ്പെടണം. അതിനാണ് നാം ശ്രമിക്കുന്നത്. ആ ശ്രമത്തിന് പിന്തുണ നല്‍കേണ്ട കേന്ദ്രം നമ്മുടെ മുന്നോട്ടു പോക്കിനെ എങ്ങിനെയാക്കെ തടയാന്‍ കഴിയും എന്നാണ് നോക്കുന്നത്. ഒരു കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത സമീപനമാണത്. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഉണ്ടാവേണ്ടത്. പ്രാദേശിക സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ ധനവും അധികാരവും കേരളം നല്‍കുമ്പോള്‍ കേന്ദ്രത്തില്‍ നമുക്ക് ലഭിക്കുന്നത് അവഗണനയും നിരാശയുമാണ്. നമ്മുടെ നാട് ഒരുമിച്ചു നേരിടേണ്ട ഈ പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ അരയക്ഷരം ഉരിയാടാന്‍ പ്രതിപക്ഷ എംപിമാര്‍ തയ്യാറാകുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സമീപനം തുറന്നുകാണിക്കുന്നതില്‍ പ്രതിപക്ഷത്തിന് പൊള്ളുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് നിന്നുള്ള 20 എംപിമാരില്‍ 18 പേര്‍ പ്രതിപക്ഷത്തു നിന്നാണ്. ഇവരിലാരും ഇതുവരെ കേരളത്തിനെതിരായ കേന്ദ്രസമീപനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ മിണ്ടിയിട്ടില്ല. എല്ലാ പാര്‍ലമെന്റ് സെഷന്‍ നടക്കുമ്പോഴും സംസ്ഥാനം എംപിമാരുടെ യോഗം വിളിക്കാറുണ്ട്. ഒരുവേള എംപിമാരെ വിളിച്ചുകൂട്ടി സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അവരെ അറിയിച്ചു. നമ്മുടെ നാടിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തെ ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ ആദ്യം അംഗീകരിക്കുകയുണ്ടായി. എന്നാല്‍ കേന്ദ്ര ധനമന്ത്രിയെ കണ്ട് നല്‍കാനുള്ള നിവേദനം തയ്യാറാക്കി നല്‍കിയപ്പോള്‍ ഒപ്പിടാന്‍ പോലും തയ്യാറാകാതെ പിന്മാറുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന് നീരസം ഉണ്ടാകുന്നതില്‍ പ്രതിപക്ഷം എന്തിനാണ് വികാരം കൊള്ളുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്തിന്റെ മതനിരപേക്ഷതക്ക് പോറലേല്‍പ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന്റെ പൊതുവികാരം പോലും പ്രതിപക്ഷ എംപിമാരുടെ സമീപനം പോലും പാര്‍ലമെന്റില്‍ പ്രതിഫലിപ്പിക്കാനായില്ല. ഇത്തരം വിഷയങ്ങളില്‍ 2019 ന് ശേഷം കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നിട്ടേയില്ല. നമ്മുടെ നാടിന് എന്തുപറ്റി എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലുമൊക്കെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ മതനിരപേക്ഷമെന്നവകാശപ്പെടുന്ന ഇവര്‍ മിണ്ടിയതേയില്ല. ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ മങ്ങിപ്പോയി. ഇതെല്ലാം ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ നവകേരള സദസ്സ് ബഹിഷ്‌കരണാഹ്വാനങ്ങളെ തിരസ്‌കരിച്ച് ്ഒഴുകിയെത്തുന്ന ജനം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് നമുക്ക് വിലപ്പെട്ടതാണ്. ഭാവികേരളം സുരക്ഷിതമാക്കാന്‍ ആവുമെന്ന ഉറപ്പാണ് ഇത് സര്‍ക്കാറിന് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി. ബിനു അധ്യക്ഷനായി. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, കായികവകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.
മറ്റു മന്ത്രിമാരായ വി.എന്‍ വാസവന്‍, പി.രാജീവ്, ജെ. ചിഞ്ചു റാണി, വീണാ ജോര്‍ജ്, പ്രൊഫ. ആര്‍. ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍, കെ. രാജന്‍, കെ രാധാകൃഷ്ണന്‍, എം.ബി. രാജേഷ്, പി.പ്രസാദ്, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, വി. ശിവന്‍ കുട്ടി, സജി ചെറിയാന്‍, ജി.ആര്‍ അനില്‍, കെ. കൃഷ്ണന്‍ കുട്ടി, മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൂക്കളും ഫലകവും നല്‍കിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സദസ്സിലേക്ക് സ്വീകരിച്ചത്. തൊടുപുഴ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് സ്വാഗതവും എ.ഡി.എം. ഷൈജു പി. ജേക്കബ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി.