Timely news thodupuzha

logo

പത്തു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരൻ

കൊച്ചി: പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞതായും ശിക്ഷാ വിധിയിൽ ഉച്ച കഴിഞ്ഞു വാദം നടക്കുമെന്നും കോടതി അറിയിച്ചു.

കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2021 മാർച്ച് 21നാണ് പത്തുവയസ് പ്രായമുളള പെൺകുട്ടിയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം പുഴയിലെറിഞ്ഞു കൊന്നത്.

കായംകുളത്തെ വീട്ടിൽ നിന്ന് അമ്മാവൻറെവീട്ടിലേക്കെന്ന് പറഞ്ഞ് മകൾ വൈഗയുമായി പുറപ്പെട്ട സനുമോഹൻ കങ്ങരപ്പടിയിലെ തൻറെ ഫ്ലാറ്റിലേക്കാണ് ആദ്യമെത്തിയത്.

വഴിയിൽ നിന്ന് വാങ്ങിയ കൊക്കക്കോളയിൽ മദ്യംകലർത്തി മകളെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയിൽ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു.

ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റിൽ ചുറ്റിയെടുത്ത് കാറിൻറെ പിൻസീറ്റിലിട്ട് മുട്ടാർ പുഴയിൽ രാത്രി 10.30 തോടെ വലിച്ചെറിഞ്ഞു.

മരണം ഉറപ്പാക്കിയ ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. കുഞ്ഞിൻറെ ശരീരത്തിൽനിന്നുമെടുത്ത ആഭരണം വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.

ബാംഗ്ലൂർ, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാംമ്പിക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ സനുമോഹനെ ഒരു മാസമെടുത്താണ് പിടികൂടിയത്. ഒരു വർഷമെടുത്ത വിചാരണയിൽ 78 സാക്ഷികളെ വിസ്തരിച്ചു.

ധൂർത്തുകൊണ്ടുവരുത്തിവച്ച കടബാധ്യതയിൽ നിന്ന് രക്ഷപ്പെട്ട് നാടുവിടാൻ തീരുമാനിച്ച സനുമോഹൻ, മകൾ മറ്റുള്ളവരാൽ അവഗണിക്കപ്പെടുമെന്ന വിഷമത്തിൽ കൊല്ലുകയായിരുന്നു എന്നാണ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *