ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി.
അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് മാറ്റം.
മുപ്പതുകാരനായ പാട്ടീദാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 46 റൺസ് ശരാശരിയിൽ നാലായിരത്തിലധികം റൺസെടുത്തിട്ടുണ്ട്. ഇതിൽ 12 സെഞ്ചുറികളും ഉൾപ്പെടുന്നു.
ഇന്ത്യയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരേ രണ്ട് സെഞ്ചുറികൾ നേടിയ പ്രകടനമാണ് ടെസ്റ്റ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പിൽ സർഫറാസ് ഖാനും ചേതേശ്വർ പൂജാരയ്ക്കും മുകളിൽ പാട്ടീദാറിന് ആനുകൂല്യം നേടിക്കൊടുത്തത്.
അതേസമയം, കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറായിരിക്കില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിൽ പാട്ടീദാർ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ സാധ്യത കുറവാണ്.
അധികമായി ഒരു വിക്കറ്റ് കീപ്പർ കൂടി ടീമിലെത്തുന്നതോടെ കോലിയുടെ ഒഴിവ് നികത്തപ്പെടും. നാലാം നമ്പറിൽ ആര് ബാറ്റ് ചെയ്യുന്നത് രാഹുലോ ശ്രേയസ് അയ്യരോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
കെ.എസ് ഭരത്, ധ്രുവ് ജുറൽ തുടങ്ങിയ റിസർവ് വിക്കറ്റ് കീപ്പർമാർ ടീമിലുണ്ടെങ്കിലും, സ്പെഷ്യലിസ്റ്റ് മധ്യനിര ബാറ്റർമാർ ആരും റിസർവ് ആയി ഇല്ലാത്ത സാഹചര്യത്തിലാണ് പാട്ടീദാറിനെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. ‘
ഹൈദരാബാദിൽ വ്യാഴാഴ്ചാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. അതേസമയം, കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കലിനെ ഇന്ത്യ എ ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരുക്കേറ്റ ബി സായ് സുദർശനു പകരക്കാരനായാണ് തെരഞ്ഞെടുപ്പ്. ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാമത്തെ ചതുർദിന മത്സരത്തിലേക്കുള്ള ടീമിൽ റിങ്കു സിങ്ങിനെയും ഉൾപ്പെടുത്തി.