Timely news thodupuzha

logo

15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണർ ; കേരള സർക്കാരും ഗവർണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള പോര് തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

വൈസ് ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളെ പിന്‍വലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് വിസി തയാറാകാതെ വന്നോതോടെയാണ് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍, ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍  ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസി ശബരിമല ദര്‍ശനത്തിന് പോയിരിക്കുന്നതിനാലും ആര്‍ക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു.

അതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ 15 പേരോടും നവംബര്‍ നാലിന് നടക്കുന്ന സ്പെഷ്യല്‍ സെനറ്റ് യോഗത്തില്‍  പങ്കെടുക്കുവാന്‍ സര്‍വകലാശാല ക്ഷണിക്കുകയും ചെയ്തതോടെ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *