Timely news thodupuzha

logo

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചുറി തികച്ചു

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചുറി തികച്ചു. 336/6 എന്നനിലയിൽ ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിക്കുമ്പോൽ ജയ്സ്വാൾ 179 റൺസാണ് നേടിയിരുന്നത്.

അഞ്ച് റൺസെടുത്ത ആർ അശ്വിനായിരുന്നു കൂട്ടിന്. ഇന്ത്യൻ സ്കോർ 350 റൺസ് പിന്നിട്ട് അടുത്ത ഓവറിൽ ജയ്സ്വാൾ 200 മറികടക്കുകയായിരുന്നു.

197 റൺസിൽ വച്ച് ബൗണ്ടറി നേടിയ ജയസ്വാൾ അടുത്ത പന്തിൽ സിക്സറും പറത്തിയാണ് ആഘോഷം പൂർത്തിയാക്കിയത്. 277 പന്തിലാണ് ഇരുപത്തിരണ്ടുകാരന്‍റെ ആദ്യ ഇരട്ട സെഞ്ചുറി പിറന്നത്.

20 റൺസെടുത്ത അശ്വിനെയും പിന്നാലെ ജയ്സ്വാളിനെയും വെറ്ററൻ ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സൺ പുറത്താക്കി. അശ്വിനെ ആൻഡേഴ്സൺ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്‍റെ ഗ്ലൗസിലെത്തിക്കുകയായിരുന്നു.

ആൻഡേഴ്സണെ ഉയർത്തിയടിക്കാനുള്ള ജയ്സ്വാളിന്‍റെ ശ്രമം ഡീപ്പ് കവറിൽ ജോണി ബെയർസ്റ്റോയുടെ കൈകളിലും അവസാനിച്ചു. 290 പന്തിൽ 19 ഫോറും ഏഴ് സിക്സറും സഹിതം 209 റൺസാണ് ജയ്സ്വാൾ നേടിയത്.

ശുഭ്‌മൻ ഗിൽ നേടിയ 34 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ അടുത്ത ഉയർന്ന വ്യക്തിഗത സ്കോർ. ഇവരെ കൂടാതെ അരങ്ങേറ്റക്കാരൻ രജത് പാട്ടീദാർ(32) മാത്രമാണ് മുപ്പത് കടന്നത്.

പിന്നീട് ഇന്ത്യൻ ഇന്നിങ്സ് അധികം നീണ്ടില്ല. ജസ്പ്രീത് ബുംറയെ(0) രെഹാൻ അഹമ്മദും മുകേഷ് കുമാറിനെ(0) ഷോയിബ് ബഷീറും പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിങ്സ് 396 റൺസിൽ അവസാനിച്ചു. ആൻഡേഴ്സനും ഷോയിബും രെഹാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Comment

Your email address will not be published. Required fields are marked *