കൊച്ചി: കതൃക്കടവിൽ ബാറിൽ ബാറിലുണ്ടായ വെടിവെപ്പിൽ സംഘം എത്തിയത് റെൻറ് എ കാറിലെന്ന് പൊലീസ്. മൂവാറ്റുപുഴയിൽ നിന്നെടുത്ത KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഉടൻ പ്രതികളിലേക്ക് എത്താനായേക്കുമെന്ന പ്രതീക്ഷയെന്ന് പൊലീസ്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. കതൃക്കടവിലെ ഇടശ്ശേരി ബാറിന് മുന്നിൽ വെച്ചാണ് വെടിവെപ്പുണ്ടായത്.
രണ്ടു ബാർ ജീവനക്കാർക്ക് പരിക്കേറ്റു. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാർ ജീവനക്കാരും പുറത്ത് നിന്നും മദ്യപിക്കാനെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
വാക്കുതർക്കം രൂക്ഷമായതോടെ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് ബാർ ജീവനക്കാരെ വെടിവെക്കുകയായിരുന്നു. സിജിൻറെ വയറ്റിലും അഖിലിൻറെ കാലിനുമാണ് വെടിയേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അക്രമി സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. തർക്കത്തിനിടെ ബാർ മാനേജരെയും ഇവർ മർദ്ദിച്ചിരുന്നു. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സി.സി.റ്റി.വി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.